‘സുരക്ഷ ഉറപ്പാക്കുമെന്ന് അസിം മുനീറിന്റെ ഉറപ്പ്’ ; ലങ്കൻ ടീമിനെ നേരിട്ട് കണ്ട് നഖ്‌വി

ഇസ്ലാമാബാദ്: പാകിസ്താനെതിരായ പരമ്പരയില്‍ തുടര്‍ന്നും കളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ താരങ്ങളെ നേരിട്ട് കണ്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മുഹമ്മദ് നഖ്‌വി. വ്യാഴാഴ്ച ലങ്കന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിലെത്തിയ നഖ്‌വി താരങ്ങളോട് സംസാരിക്കുകയും പരമ്പരയില്‍ തുടരാനുള്ള തീരുമാനത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു. നേരത്തേ പാകിസ്താനിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഏകദിന പരമ്പരയ്ക്കായെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ പര്യടനം റദ്ദാക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച ശ്രീലങ്കന്‍ ഹൈക്കമ്മിഷണര്‍ക്കൊപ്പമെത്തിയാണ് നഖ്‌വി റാവല്‍പിണ്ടി സ്റ്റേഡിയം സന്ദര്‍ശിച്ചത്. സുരക്ഷാഒരുക്കങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു. പിന്നാലെ ശ്രീലങ്കന്‍ ടീമിനെയും സന്ദര്‍ശിച്ചു. ടീമിലെ അംഗങ്ങളെ ഓരോരുത്തരേയും നേരിട്ട് കണ്ട നഖ്‌വി നന്ദി അറിയിക്കുകയായിരുന്നു.
PCB Chairman Mohsin Naqvi personally thanked each Sri Lankan player for continuing their tour of Pakistan.. A truly commendable gesture by the Chairman himself! 🇵🇰🤝🇱🇰 #PAKvSL
pic.twitter.com/WuroWlgxPA— Nibraz Ramzan (@nibraz88cricket) November 13, 2025
സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നഖ്‌വി താരങ്ങള്‍ക്ക് ഉറപ്പുനല്‍കി. പരമ്പരയില്‍ തുടരാനുള്ള ലങ്കന്‍ ടീമിന്റെ തീരുമാനം ഭീകരവാദത്തിനേറ്റ പരാജയമാണെന്നും കരസേനാമേധാവി അസിം മുനീര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടതായും അദ്ദേഹം പറഞ്ഞു. ലങ്കന്‍ പ്രതിരോധമന്ത്രിയടക്കമുള്ള ഉന്നതവൃത്തങ്ങളുമായി മുനീര്‍ ചര്‍ച്ച നടത്തിയെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതായും നഖ്‌വി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സംരക്ഷിക്കാന്‍ പാകിസ്താന്‍ സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങളില്‍ ലങ്കന്‍ ഹൈക്കമ്മിഷണര്‍ തൃപ്തി പ്രകടിപ്പിച്ചു.
അതേസമയം, ചാവേറാക്രമണത്തിന്റെയും ശ്രീലങ്കന്‍ ടീമിന്റെ ആശങ്കയുടെയും പശ്ചാത്തലത്തില്‍ പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന മത്സരം വെള്ളിയാഴ്ചയിലേക്ക് മാറ്റി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. ശനിയാഴ്ചയാണ് ഈ മത്സരം നിശ്ചയിച്ചിരുന്നത്. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടു മത്സരങ്ങളും നടക്കുക.
Content Highlights: Mohsin Naqvi personally thanked Sri Lankan players as their decision to stay in Pakistan