മുസ്താഫിസുർ ഐപിഎല്ലിൽ മടങ്ങിയെത്തുമോ?; BCCI ഓഫർ സംബന്ധിച്ച പ്രചാരണത്തിൽ പ്രതികരിച്ച് BCB പ്രസിഡന്റ്

#സ്പോർട്സ് ഡെസ്ക്
മുസ്തഫിസുര്‍ റഹ്‌മാന്‍ | Photo: AFP
മുസ്തഫിസുര്‍ റഹ്‌മാന്‍ | Photo: AFP

ഹരാരെ: മുസ്താഫിസുറിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദങ്ങൾ തുടരുകയാണ്. രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കിയ ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലുമാണ്. പകരം ശ്രീലങ്കയിൽ കളിക്കാമെന്നാണ് ബോർഡ് അറിയിക്കുന്നത്. ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചതോടെ ബിസിസിഐ മുസ്താഫിസുറിനെ ഐപിഎല്ലിലേക്ക് തിരിച്ചെടുക്കാമെന്ന ഓഫർ മുന്നോട്ട് വെച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം.

സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിസിബി പ്രസിഡന്റ് അറിയിച്ചു. മുസ്താഫിസുറിൻ്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ബിസിസിഐയുമായി രേഖാമൂലമോ വാക്കാലോ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. എൻ്റെ ബോർഡിലെ ആരുമായും ഇത് സംബന്ധിച്ച് സംസാരിച്ചിട്ടില്ല. ഈ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല."- അമിനുളിനെ ഉദ്ധരിച്ച് അജ്‌കർ പത്രം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.

അതേസമയം ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയ മുസ്താഫിസുർ അടുത്ത സീസണിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഇക്കാര്യം പിഎസ്എൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlights: Did BCCI Offer Mustafizur Rahman IPL Return? Bangladesh Board President Answers