'ചില പുതിയ അധ്യായങ്ങൾക്ക് ചിലത് അവസാനിക്കേണ്ടതുണ്ട്'-വൈകാരിക കുറിപ്പുമായി സാക്ഷി

ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം എം.എസ്. ധോനി ഐ.പി.എല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ആരാധകർക്കായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ സാക്ഷി. ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി ധോനിയെ ചെന്നൈ സൂപ്പർ കിംഗ്സ് ടീം മെന്ററായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ധോനിയുടെ ഐ.പി.എൽ കരിയറിന് വിരാമമായി. ഇൻസ്റ്റഗ്രാമിലൂടെയാണ് ധോനിയുടെ അവിസ്മരണീയമായ ക്രിക്കറ്റ് യാത്രയുടെ ഭാഗമായ ആരാധകർക്ക് സാക്ഷി നന്ദി അറിയിച്ചത്. മനോഹരമായ പുതിയ അധ്യായങ്ങൾ തുടങ്ങുന്നതിനായി ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ടെന്ന് സാക്ഷി കുറിച്ചു.
'മനോഹരമായ പുതിയ അധ്യായങ്ങൾ തുടങ്ങുന്നതിനായി ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ട്. വർഷങ്ങളായി മാഹിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും-ഞങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്നവരായാലും അല്ലെങ്കിലും-ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. നിങ്ങൾ നൽകിയ സ്നേഹത്തിന് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. പുതിയ തുടക്കങ്ങൾക്കും പുതിയ സാഹസികതകൾക്കും, ഇനിയും ഒരുപാട് മനോഹരമായ ഓർമകൾക്കുമായി ആശംസകൾ. മാഹി, നിങ്ങളെക്കുറിച്ച് എന്നും അഭിമാനംമാത്രം,'മലമുകളിലെ മനോഹരമായ ഒരു വ്യൂപോയിന്റിൽ നിൽക്കുന്ന ധോനിയുടെ ചിത്രത്തിനൊപ്പമായിരുന്നു സാക്ഷിയുടെ കുറിപ്പ്.
16 സീസണുകളിൽ ചെന്നൈക്ക് വേണ്ടി കളിച്ച ധോനി, ഐ.പി.എൽ 2027-ന് മുന്നോടിയായി പുതിയ ചുമതല ഏറ്റെടുക്കുമെന്ന് ഫ്രാഞ്ചൈസി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 2008-ലെ പ്രഥമ ടൂർണമെന്റിൽ ആരംഭിച്ച ധോനിയുടെ ഐ.പി.എൽ കരിയറിനാണ് ഇതോടെ വിരാമമായത്. മികച്ച നായകനായും ഫിനിഷറായും ടൂർണമെന്റിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിലൊരാളായും മായാത്ത മുദ്ര പതിപ്പിച്ചാണ് നാൽപത്തിയഞ്ചാം വയസ്സിൽ ധോനി പടിയിറങ്ങുന്നത്.
അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ലീഗിലെ കരുത്തരായി മാറിയിരുന്നു.
Content Highlights: MS Dhoni officially ends his IPL playing career after 16 seasons., Appointed as the team mentor for Chennai Super Kings ahead of IPL 2027., Wife Sakshi Dhoni shared an emotional farewell note on Instagram thanking fans., Dhoni led CSK to five IPL titles in 2010, 2011, 2018, 2021, and 2023.