ഓസീസ് ടീം വിട്ടു, പോർച്ചുഗലിനായി അടിയോടടി; വെടിക്കെട്ട് സെഞ്ചുറിയുമായി ഹെൻറിക്വസ്‌

#സ്പോർട്സ് ഡെസ്ക്
മോയിസസ് ഹെന്റിക്വസ് | X.com/@BairagiHitartha
മോയിസസ് ഹെന്റിക്വസ് | X.com/@BairagiHitartha

മദീര: ഓസീസ് ടീം വിട്ട് പോർച്ചുഗലിലേക്ക് മാറിയതോടെ മോയിസസ് ഹെൻറിക്വസ്‌ എന്ന 39 കാരന്റെ ഭാവം മാറി. പിന്നെ മൈതാനത്ത് അടിയോടടി മാത്രം. പോർച്ചുഗൽ ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ച രണ്ടാം മത്സരത്തിൽ തന്നെ വെടിക്കെട്ട് സെഞ്ചുറിയോടെ തുടങ്ങിയിരിക്കുകയാണ് ഹെൻറിക്വസ്‌. ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഹെൻറിക്വസ്‌ തകർപ്പൻ സെഞ്ചുറി നേടിയത്.

ചെക്ക് റിപ്പബ്ലിക്കിനെതിരായ ടി20 ലോകകപ്പ് യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ മത്സരത്തിൽ വെടിക്കെട്ടോടെ ഹെൻറിക്വസ്‌ കളംനിറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പോർച്ചുഗലിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ധവാൽകുമാറിനെ നഷ്ടമായി. പിന്നാലെ വൺഡൗണായി ഹെൻറിക്വസ്‌ ബാറ്റിങ്ങിനിറങ്ങി. ആദ്യ ഓവറിൽ തന്നെ ബൗണ്ടറി നേടിയാണ് ഹെൻറിക്വസ്‌ തുടങ്ങിയത്. പിന്നീട് ചെക്ക് റിപ്പബ്ലിക് ബൗളർമാരെ തലങ്ങും വിലങ്ങും ഹെൻറിക്വസ്‌ പ്രഹരിച്ചു. അഞ്ചാം ഓവറിൽ താരം അർധസെഞ്ചുറി തികച്ചു. 21 പന്തിലാണ് ഫിഫ്റ്റി നേടിയത്. അഞ്ചോവർ അവസാനിക്കുമ്പോൾ 68-1 എന്ന നിലയിലായിരുന്നു പോർച്ചുഗൽ. ആ ഘട്ടത്തിൽ 53 റൺസും പിറന്നത് ഹെന്റിക്വസിന്റെ ബാറ്റിൽ നിന്നായിരുന്നു.

അർധസെഞ്ചുറിക്ക് പിന്നാലെ വെടിക്കെട്ട് തുടർന്ന മുൻ ഓസീസ് താരം ചെക്ക് ബൗളർമാർക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടേയിരുന്നു. എട്ടാം ഓവറിൽ നൂറ് കടന്ന പോർച്ചുഗലിന് ഒൻപതാം ഓവറിൽ രണ്ടാം വിക്കറ്റ് നഷ്ടമായി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ഹെൻറിക്വസ്‌ ബാറ്റിങ് തുടർന്നു. ഫോറും സിക്‌സറുമായി താരം അതിവേഗം നൂറിലേക്കടുത്തു. ഒടുക്കം 13-ാം ഓവറിൽ സെഞ്ചുറിയും. 48 പന്തിലാണ് താരം മൂന്നക്കം കടന്നത്. എന്നാൽ തൊട്ടടുത്ത ഓവറിൽ പുറത്തായി. 51 പന്തിൽ നിന്ന് 111 റൺസെടുത്താണ് ഹെൻറിക്വസ്‌ മടങ്ങിയത്. 12 ഫോറുകളും ഏഴ് സിക്‌സറും അടങ്ങിയതാണ് ഇന്നിങ്‌സ്. ഒടുക്കം ആറുവിക്കറ്റ് നഷ്ടത്തിൽ പോർച്ചുഗൽ 211 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെക്ക് ടീം തകർച്ചയോടെയാണ് തുടങ്ങിയത്. എട്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലായിരുന്നു ചെക്ക്. എന്നാൽ ഒൻപതാം ഓവറിൽ മഴ കളി മുടക്കി. അതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പോർച്ചുഗൽ 91 റൺസ് ജയത്തോടെ മടങ്ങി.

ഓസീസിനായി 44 അന്താരാഷ്ട്ര മത്സരങ്ങളിൽ മോയിസസ് ഹെൻറിക്വസ്‌ കളിച്ചിട്ടുണ്ട്. നാല് ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20കളും കളിച്ചു. 2021 ലാണ് അവസാനമായി ഓസീസിനായി കളിച്ചത്. പോർച്ചുഗലിലേക്ക് മാറിയതോടെ ഉടൻ തന്നെ ടീമിന്റെ നായകനുമാക്കി.

Content Highlights: Moises Henriques scored 111 runs off 51 balls for Portugal against the Czech Republic., The century came in just 48 balls during the T20 World Cup Europe Sub-Regional Qualifier