നഖ്‌വി ഇന്ത്യ-പാക് ഫൈനലിനെത്തില്ല, കാരണമിതാണ്; അറിയിപ്പുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

#സ്പോർട്സ് ഡെസ്ക്
മൊഹ്സിൻ നഖ്‌വി | ഫോട്ടോ - x.com/OsintUpdates
മൊഹ്സിൻ നഖ്‌വി | ഫോട്ടോ - x.com/OsintUpdates

നിഷിൻ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി ശനിയാഴ്ച നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിനെത്തില്ല. മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് നഖ്‌വി ഫൈനൽ വേദിയിലേക്ക് എത്താത്തതെന്നാണ് എസിസിയുടെ വിശദീകരണം.

ഇന്ത്യയും പാകിസ്താനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്തിടെ സ്വീകരിച്ചിരുന്നു. ഇന്ത്യ സ്വർണം നേടിയാൽ നഖ്‌വിയിൽനിന്ന് മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

‘എസിസി പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വി മുൻ നിശ്ചയിച്ച മറ്റ് ഔദ്യോഗിക തിരക്കുകൾ കാരണം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ ദിനത്തിൽ പങ്കെടുക്കില്ല. എന്നാൽ സ്വർണ, വെങ്കല മെഡൽ പോരാട്ടങ്ങളിൽ മാറ്റുരയ്ക്കുന്ന നാല് ടീമുകൾക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേരുന്നു.’ - എസിസി എക്സിൽ കുറിച്ചു.

കഴിഞ്ഞ വർഷം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിസമ്മതിച്ചിരുന്നു. ഇത്തവണ ഏഷ്യാകപ്പിൽ കിരീടമണിഞ്ഞ വനിതാ ടീമും നഖ്‌വിയിൽ ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല.

എന്നാൽ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ നഖ്‌വിയിൽ നിന്ന് ഇന്ത്യൻ ടീമുകൾക്ക് മെഡലുകൾ സ്വീകരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഖത്തറിലെ ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി, നഖ്‌വിയെ മെഡൽ ദാനത്തിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയാൽ ഇന്ത്യൻ കായികതാരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന് ഒസിഎ ചട്ടങ്ങളും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉന്നത വൃത്തങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും അവരുടെ ഔദ്യോഗിക പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കുമെന്നും, താരങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം നഖ്‌വി ഇല്ലാത്തതിനാൽ ഇന്ത്യ മെഡലുകൾ സ്വീകരിച്ചേക്കും.

Content Highlights: ACC Chairman Mohsin Naqvi will not attend the Asian Games cricket final due to prior commitments