'എന്റെ കഥ പങ്കുവെക്കാനല്ല ഇവിടെ വന്നത്'; പന്തുചുരണ്ടൽ വിവാാദം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മിച്ചൽ മാർഷ്

പെർത്ത്: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ, 2018-ലെ വിവാദപരമായ പന്തുചുരണ്ടൽ (സാൻഡ്പേപ്പർ ഗേറ്റ്) സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്. മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയുടെ 'സബർ' എന്ന ആത്മകഥ പുറത്തുവന്നതിനെ തുടർന്ന് വിവാദം വീണ്ടും ചർച്ചയായ പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മാർഷ് നേരിട്ടത്.
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ പ്ലേയിങ് ഇലവന്റെ ഭാഗമായിരുന്ന മാർഷ്, ആ സംഭവത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കാൻ തയ്യാറായില്ല. ''ചില ആളുകൾ അവരുടെ കഥകൾ പറയാൻ തീരുമാനിച്ചതിനെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ ഇന്ന് എന്റെ കഥ പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല'' എന്ന് അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ടീമിനെ നയിക്കുന്നതിലാണ് തന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേപ് ടൗൺ ടെസ്റ്റിൽ സാൻഡ്പേപ്പർ ഉപയോഗിച്ച കാര്യം തനിക്ക് അറിയാമായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മാർഷ് 'അതെ' എന്നോ 'ഇല്ല' എന്നോ വ്യക്തമായ മറുപടി നൽകിയില്ല. ഖവാജയുടെ പ്രസ്താവനകളെ വിമർശിക്കാനോ അദ്ദേഹം കള്ളം പറയുകയാണെന്ന് ആരോപിക്കാനോ മാർഷ് തയ്യാറായതുമില്ല. താൻ വ്യക്തിപരമായി ഈ സംഭവത്തിൽ നിന്ന് മുന്നോട്ട് പോയിട്ടുണ്ടെന്നും, ആ നിലപാടിനെ മറ്റുള്ളവരും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖവാജ തന്റെ ആത്മകഥയിൽ, പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതി സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാങ്ക്രോഫ്റ്റ് എന്നീ മൂന്ന് കളിക്കാരിൽ മാത്രം ഒതുങ്ങിനിന്ന ഒന്നല്ലെന്നും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മറ്റു കളിക്കാർക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു. ഈ മൂന്ന് പേരെ മാത്രം പാവകളാക്കുകയായിരുന്നുവെന്നും ഖവാജ വ്യക്തമാക്കി. ഖവാജയുടെ ആരോപണം 100 ശതമാനം സത്യമാണെന്ന് ഡേവിഡ് വാർണർ ശരിവെച്ചപ്പോൾ, തനിക്ക് അതിനെക്കുറിച്ച് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് പ്രതികരിച്ചു.
Content Highlights: Mitchell Marsh avoided questions regarding the 2018 Sandpaper Gate controversy., The controversy resurfaced following the release of Usman Khawaja's autobiography 'Saber'., Marsh stated his current focus is entirely on leading the team in the upcoming ODI series against England., Khawaja claimed more players in the dressing room knew about the ball-tampering than just the three suspended players.