തുടർച്ചയായ എട്ട് പന്തുകളിൽ സിക്സ്,11 പന്തിൽ അർധസെഞ്ചുറി; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രമെഴുതി ആകാശ്

സൂറത്ത്: എട്ടാമനായി ക്രീസിലെത്തുമ്പോൾ ടീമിന് കൂറ്റൻ സ്കോറുണ്ട്. സമ്മർദങ്ങളൊന്നുമില്ല. അധികനേരം പിടിച്ചുനിൽക്കേണ്ട കാര്യവുമില്ല. ആകാശ് കുമാർ ചൗധരി എന്ന മേഘാലയൻ ബാറ്റർ പിന്നെ ഒന്നും നോക്കിയില്ല. ഒന്നിനു പിറകെ ഒന്നായി എട്ട് സിക്സറുകൾ, 11 പന്തിൽ അർധസെഞ്ചുറി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പിറന്നത് ചരിത്രം. രഞ്ജി ക്രിക്കറ്റിലെ പ്ലേ ഗ്രൂപ്പ് മത്സരത്തിൽ അരുണാചൽപ്രദേശിനെതിരേയായിരുന്നു ആകാശിന്റെ റെക്കോഡ് ബുക്കിൽ ഇടം പിടിച്ച ബാറ്റിങ് താണ്ഡവം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറിയും തുടർച്ചയായ എട്ട് പന്തുകളിൽ സിക്സ് നേടുന്ന ആദ്യതാരം എന്നീ റെക്കോഡുകളാണ് ആകാശ് കുമാർ സ്വന്തം പേരിലാക്കിയത്. ആദ്യ മൂന്ന് പന്തിൽ രണ്ടു റൺസാണ് താരം നേടിയത്. അതിനുശേഷം അരുണാചലിന്റെ സ്പിന്നർ ലിമർ ഡാബിയയുടെ ഓവറിലെ ആറ് പന്തുകളും സിക്സിന് പറത്തി.അടുത്ത ഓവറിലെ രണ്ട് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. 11 പന്തിൽ അർധസെഞ്ചുറി വന്നതോടെ ഇംഗ്ലീഷ് താരം വ്യാൻ വൈറ്റിന്റെ റെക്കോഡാണ് മാഞ്ഞുപോയത്. കൗണ്ടി ക്രിക്കറ്റിൽ ലെസ്റ്റർഷെയറിന് വേണ്ടി എസെക്സിനെതിരേ 12 പന്തിലാണ് അർധസെഞ്ചുറി നേടിയിരുന്നത്. രഞ്ജി ക്രിക്കറ്റിൽ രവി ശസ്ത്രിയും ട്വന്റി -20 ലോകകപ്പിൽ യുവരാജ് സിങും ഓരോവറിൽ ആറ് സിക്സ് നേടിയിട്ടുണ്ട്.
25-കാരനായ അകാശ് ക്രീസിലെത്തുമ്പോൾ മേഘാലയ ആറിന് 576 റൺസെന്ന ശക്തമായ നിലയിലായിരുന്നു. 14 പന്തിൽ 50 റൺസുമായിട്ടാണ് ആകാശ് കളം വിട്ടത്. സ്‌കോർ: മേഘാലയ ആറിന് 628 ഡിക്ല. അരുണാചൽപ്രദേശ് 73, മൂന്നിന് 29.
Content Highlights: Meghalaya’s Akash Choudhary hits record eight consecutive sixes to make 11-ball fifty