ധോനിക്കും പോണ്ടിങ്ങിനും പോലുമില്ല; കിരീടങ്ങള്‍ വാരിക്കൂട്ടി മെഗ് ലാന്നിങ്

Photo: AFP, Getty Images
Photo: AFP, Getty Images

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ പകരംവെയ്ക്കാനില്ലാത്ത ഐസിസി കിരീടങ്ങളുടെ സന്തോഷത്തിലാണ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഐസിസി ട്രോഫികള്‍ ഏറ്റുവാങ്ങിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ലാന്നിങ്ങിന്റെ കിരീട നേട്ടം ഇതോടെ അഞ്ചായി. ഞായറാഴ്ച നടന്ന വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ലാന്നിങ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെന്ന നിലയില്‍ ലാന്നിങ് അഞ്ച് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 2014, 2018, 2020, 2023 വനിതാ ട്വന്റി 20 ലോകകപ്പുകളും 2022-ലെ ഏകദിന ലോകകപ്പുമാണ് ലാന്നിങ്ങിന്റെ നേതൃത്വത്തില്‍ ഓസീസ് വനിതാ ടീം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച റിക്കി പോണ്ടിങ്ങാണ് കിരീട നേട്ടത്തില്‍ ലാന്നിങ്ങിന് പിന്നിലുള്ളത്. പോണ്ടിങ്ങിന്റെ കീഴില്‍ നാല് ഐസിസി കിരീടങ്ങളാണ് ഓസീസ് സ്വന്തമാക്കിയത്. 2003, 2007 ഏകദിന ലോകകപ്പുകളും 2006, 2009 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമാണവ.

ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റ് കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ എം.എസ് ധോനിയാണ് മൂന്നാം സ്ഥാനത്ത്. ധോനിയുടെ നേതൃത്വത്തില്‍ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യ പിന്നീട് 2011-ലെ ഏകദിന ലോകകപ്പിലും 2013-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു.

പുരുഷ-വനിതാ വിഭാഗങ്ങളില്‍ ക്രിക്കറ്റ് ചരിത്രത്തിലെ 21-ാം കിരീടമാണ് ഓസീസ് സ്വന്തമാക്കിയത്. 1978, 1982, 1988, 1997, 2005, 2013, 2022 വര്‍ഷങ്ങളില്‍ വനിതാ ഏകദിന ലോകകപ്പുകള്‍ നേടിയ ഓസീസ് ടീം 2010, 2012, 2014, 2018, 2020, 2023 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പുകളും നേടി. ഇതോടെ വനിതാ ടീമിന് തന്നെ ആകെ 13 മേജര്‍ കിരീടങ്ങളായി.

പുരുഷ ടീം ആകട്ടെ 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പും 2021-ല്‍ ട്വന്റി 20 ലോകകപ്പും 2006, 2009 വര്‍ഷങ്ങളില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമടക്കം എട്ട് കിരീടങ്ങള്‍ നേടി.

Content Highlights: Meg Lanning has the highest number of major icc trophies as a captain