ആദ്യ പന്തിൽ രോഹിത്, അഞ്ചാം പന്തിൽ കോലി, പിന്നാലെ ശ്രേയസ്; ട്രിപ്പിൾ വിക്കറ്റ് മെയ്ഡനുമായി ഞെട്ടിച്ച് ഹെൻറി

മൗണ്ട് മൗൻഗനുയി: നാലാം ഏകദിനത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ച് മാറ്റ് ഹെൻറി. ആദ്യ ഓവറിൽ രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ പുറത്താക്കി ഹെൻറി ഇന്ത്യൻ ടീമിനെയും ആരാധകരേയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ഹെൻറി എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായി. സ്ലിപ്പിൽ ഫിൻ അലന് ക്യാച്ച്. അസാധാരണമായ ബൗൺസും സീം മൂവ്മെന്റും ഉണ്ടായിരുന്ന പന്തിൽ രോഹിത് പൂർണമായും നിസ്സഹായനായിപ്പോയി. 127 കിലോമീറ്റർ വേഗതയിൽ, 'ഷോർട്ട് ഓഫ് എ ഗുഡ് ലെങ്ത്' ഏരിയയിൽ പതിച്ച പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്യുകയായിരുന്നു. പന്തിന്റെ ലൈൻ കാരണം രോഹിത്തിന് അത് കളിക്കാതിരിക്കാനും സാധിച്ചില്ല. ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ നിന്ന ഫിൻ അലന്റെ കൈകളിലേക്ക് എളുപ്പത്തിൽ എത്തി.
പിന്നാലെ എത്തിയ കോലിയെ ആദ്യ പന്തിൽ തന്നെ ഹെൻറി ബീറ്റണാക്കി. ഒടുവിൽ അഞ്ചാം പന്തിൽ കോലി വീണു. ക്ലീൻ ബൗൾഡ്. കോലിക്കെതിരേ തുടർച്ചയായി ഔട്ട്സ്വിങ്ങറുകൾ എറിഞ്ഞ ശേഷം ഹെൻറി ഇത്തവണ പന്ത് പെട്ടെന്ന് അകത്തേക്ക് കുത്തിത്തിരിച്ചു. പന്ത് എത്തിയതോ തീരെ ബൗൺസ് ഇല്ലാതെയും. ലെഗ് സൈഡിലേക്ക് പ്രതിരോധിക്കാൻ ശ്രമിച്ച കോലി പക്ഷേ ക്രീസിൽ തന്നെ ഉറച്ചുപോയി. പന്ത് അകത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കാത്ത കോലിയുടെ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് സ്റ്റമ്പിലേക്ക്.
തൊട്ടടുത്ത പന്തിൽ ശ്രേയസ് അയ്യർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. പന്ത് ശ്രേയസിന്റെ പാഡിൽ തട്ടിയതിനു പിന്നാലെ ഹെൻറിയും കിവീസ് താരങ്ങളും അപ്പീൽ ചെയ്തെങ്കിലും അമ്പയർ കുമാർ ധർമസേന അനങ്ങിയില്ല. കിവീസ് റിവ്യൂ എടുത്തു. ഗുഡ് ലെങ്തിൽ വന്ന ഇൻസ്വിങ്ങർ, പ്രതിരോധിക്കാൻ ശ്രമിച്ച ശ്രേയസിന്റെ ബാറ്റിൽ തട്ടാതെ നേരേ പാഡിലേക്ക് പതിക്കുകയായിരുന്നു. റിവ്യൂവിൽ പന്ത് കൃത്യമായി മിഡിൽ സ്റ്റമ്പിൽ പതിക്കുന്നു എന്ന് വ്യക്തം. ആദ്യ ഓവർ തന്നെ ട്രിപ്പിൾ വിക്കറ്റ് മെയ്ഡനുമായി ഹെൻറി.
Content Highlights: Matt Henry bowled a rare triple-wicket maiden over in the 4th ODI against India., Rohit Sharma was dismissed on the very first ball of the innings by Matt Henry., Virat Kohli was cleaned up by Henry on the fifth ball of the same over., Shreyas Iyer was trapped LBW on the next ball following a successful review by New Zealand.