ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിനു പിന്നില്‍ ആ പിഴവ്; കുറ്റസമ്മതം നടത്തി മുന്‍ അമ്പയര്‍ എറാസ്മസ്

ലണ്ടന്‍: 2019-ലെ ഏകദിന ലോകകപ്പ് വിജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് അമ്പയറിങ് പിഴവാണെന്ന് തുറന്നുസമ്മതിച്ച് മുന്‍ അമ്പയര്‍ മറയ്‌സ് എറാസ്മസ്. അമ്പയറിങ് കരിയര്‍ അവസാനിപ്പിച്ച ശേഷം ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്റെ അടുത്ത ദിവസം തന്നെ അന്ന് മത്സരം നിയന്ത്രിച്ചിരുന്ന താനും കുമാര്‍ ധര്‍മസേനയും ഇക്കാര്യം തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പിഴവുകളിലൊന്നായി അത് മാറുകയും ചെയ്തു. ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ഫൈനലിനിടെ ഇംഗ്ലീഷ് ടീമിന് മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ട ഘട്ടത്തില്‍ റണ്ണെടുക്കുന്നതിനിടെ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടന്നിരുന്നു. രണ്ടാം റണ്ണിന് ശ്രമിക്കുമ്പോഴായിരുന്നു ഇത്തരത്തില്‍ സംഭവിച്ചതെന്നതിനാല്‍ ഓടിയെടുത്ത രണ്ടും ഓവര്‍ത്രോയിലൂടെ ലഭിച്ച നാലും ചേര്‍ത്ത് ആറു റണ്‍സ് അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് അനുവദിച്ചു.
എന്നാല്‍ ആറു റണ്ണിന് പകരം യഥാര്‍ഥത്തില്‍ അഞ്ചു റണ്‍സായിരുന്നു അവര്‍ക്ക് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഫീല്‍ഡര്‍ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ പരസ്പരം ക്രോസ് ചെയ്തിരുന്നില്ല. ഈ പിഴവാണ് ഇപ്പോള്‍ എറാസ്മസ് തുറന്നുസമ്മതിച്ചിരിക്കുന്നത്.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 241-ല്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചതോടെ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനുപിന്നാലെ അന്നുതന്നെ അമ്പയര്‍മാര്‍ക്ക് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി മുന്‍ അമ്പയറായ സൈമണ്‍ ടോഫല്‍ രംഗത്തെത്തിയിരുന്നു. അഞ്ചു റണ്‍സായിരുന്നു ശരിക്കും അനുവദിക്കേണ്ടിയരുന്നതെന്ന് ആദ്യം പറഞ്ഞത് ടോഫലായിരുന്നു.
Content Highlights: marais erasmus revealed umpiring mistake led england win odi world cup