കരിയറിലെ ആദ്യ രണ്ട് ടെസ്റ്റിലും ആറ് വിക്കറ്റ്, വിദേശ പിച്ചിൽ 10, റെക്കോഡുകൾ തകർത്ത് മാനവ് സുതാർ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനവുമായി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംനേടി സ്പിന്നർ മാനവ് സുതാർ. കരിയറിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന അപൂർവ റെക്കോഡാണ് സുതാർ സ്വന്തമാക്കിയത്. ഇതിനുമുമ്പ് 1988-ൽ നരേന്ദ്ര ഹിർവാനി മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഗോൾ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റും സുതാർ വീഴ്ത്തി. 24 വയസും 12 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ചതോടെ, വിദേശ മണ്ണിൽ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ സ്പിന്നർ എന്ന നേട്ടവും സുതാറിന് സ്വന്തമായി. 2008-ൽ ഇതേ മൈതാനത്ത് 28-ാം വയസിൽ ഈ റെക്കോഡ് സ്ഥാപിച്ച ഹർഭജൻ സിങ്ങിനെയാണ് സുതാർ മറികടന്നത്. ബിഷൻ സിങ് ബേദി (31 വയസ്), ആർ. അശ്വിൻ (28 വയസ്) തുടങ്ങിയ പ്രമുഖരും ഈ പട്ടികയിൽ സുതാറിന് പിന്നിലായി. എന്നാൽ വിദേശമണ്ണിൽ 10 വിക്കറ്റ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബൗളർ എന്ന റെക്കോഡ് ഇപ്പോഴും ഇർഫാൻ പത്താന്റെ (20 വയസ്) പേരിലാണ്.

2026 ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ മുള്ളൻപുരിലായിരുന്നു സുതാറിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിലും താരം ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഗോൾ ടെസ്റ്റിലെ പ്രകടനത്തോടെ, ഗോൾ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായും സുതർ മാറി. നരേന്ദ്ര ഹിർവാനി തന്റെ ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 16 വിക്കറ്റുകൾ വീഴ്ത്തിയാണ് റെക്കോഡ് ആരംഭിച്ചതെങ്കിൽ, സുതാർ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലെയും ഓരോ ഇന്നിങ്‌സുകളിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയാണ് ആ നേട്ടത്തിനൊപ്പമെത്തിയത്.

Content Highlights: Manav Suthar took 10 wickets in the Galle test against Sri Lanka., Became only the second Indian to take 6 wickets in his first two tests, matching Narendra Hirwani's 1988 record., Youngest Indian spinner to take 10 wickets on foreign soil at age 24, surpassing Harbhajan Singh., Test debut was against Afghanistan in Mullanpur in June 2026.