‘അവിടെ എല്ലാം തീരുമാനിക്കുന്നത് സൈന്യം, നഖ്‌വിക്ക് ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ല’; പിസിബി മേധാവിക്ക് വിമർശനം

ന്യൂഡൽഹി: ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ. നഖ്‌വിക്ക് ക്രിക്കറ്റിനെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ഇന്ത്യൻ ടീമിന് ട്രോഫി നൽകാൻ അദ്ദേഹം മറ്റാരോടെങ്കിലും പറയണമായിരുന്നുവെന്നും മദൻ ലാൽ പറഞ്ഞു. കളിക്കാർ ആരാധകർക്ക് മുന്നിൽ വെച്ച് ആ ട്രോഫി ഉയർത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. കളിക്കാർ ആരാധകർക്ക് മുന്നിൽ വെച്ച് ആ ട്രോഫി ഉയർത്തുകയായിരുന്നു വേണ്ടിയിരുന്നത്. മൊഹ്‌സിൻ നഖ്‌വിക്ക് ഒരു കളി എങ്ങനെ കളിക്കണമെന്നോ, എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചോ യാതൊരു ധാരണയുമില്ല. ഇന്ത്യൻ ടീമിലെ ഒരുപാട് പേർ വേദിയിൽ നിൽക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ ടീമിന് ട്രോഫി നൽകാൻ അദ്ദേഹം മറ്റാരോടെങ്കിലും പറയണമായിരുന്നു. പിസിബി മേധാവി അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിൻ്റെയും വില കളഞ്ഞു. - മദൻ ലാൽ വിമർശിച്ചു.
സൂര്യകുമാർ യാദവ് എന്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിൽ പോയി ട്രോഫി വാങ്ങണമെന്നും മദൻ ലാൽ ചോദിച്ചു. ഇന്ത്യയാണ് ജയിച്ചത്, നിങ്ങൾ അവരെ ഗ്രൗണ്ടിൽ ട്രോഫിയുമായി ആഘോഷിക്കാൻ അനുവദിക്കണമായിരുന്നു. അദ്ദേഹത്തിന് യാതൊരു അറിവുമില്ല. അവരുടെ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത് സൈന്യമാണ്. - മദൻ ലാൽ പ്രതികരിച്ചു.
എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നാണ് നഖ്‌വി നേരത്തേ പ്രതികരിച്ചത്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ നഖ്‌വി പ്രതികരിച്ചു.
അതേസമയം എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്‌വി പറഞ്ഞത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായത്. എന്നാല്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും നിരന്തരം അപമാനിച്ച നഖ്‌വിയില്‍ നിന്ന് ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ, എസിസിയെ അറിയിച്ചിരുന്നു. ഇതോടെ, കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായി വിജയാഘോഷം നടത്തി.
Content Highlights: madan lal criticise naqvi