കൊൽക്കത്തയെ കോടതി കയറ്റാമായിരുന്നു; വേണ്ടെന്ന് നിലപാടെടുത്ത് മുസ്താഫിസുർ, നിർണായക വെളിപ്പെടുത്തൽ

ഹരാരെ: ബംഗ്ലാദേശ് പേസർ മുസ്താഫിസുറിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദങ്ങൾ തുടരുകയാണ്. രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കിയ ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലുമാണ്. പകരം ശ്രീലങ്കയിൽ കളിക്കാമെന്നാണ് ബോർഡ് അറിയിക്കുന്നത്. വിവാദങ്ങൾ തുടരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. കൊൽക്കത്തയ്ക്കെതിരേ നിയമപോരാട്ടത്തിന് സാധിക്കുമായിരുന്നിട്ടും മുസ്താഫിസുർ അതിന് മുതിർന്നില്ലെന്നാണ് വിവരം. ബംഗ്ലാദേശ് ക്രിക്കറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മിഥുനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വേൾഡ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഡബ്ല്യുസിഎ), മുസ്താഫിസുറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സാഹചര്യം നിരീക്ഷിച്ചുവന്നിരുന്നതായി മിഥുൻ പറയുന്നു. വിഷയത്തിൽ കൊൽക്കത്തയ്ക്കെതിരേ നടപടി സ്വീകരിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അതിന് വിവിധ കാരണങ്ങളും അദ്ദേഹം നിരത്തി. താരത്തെ പുറത്താക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂലമോ പരിക്കിന്റെ അടിസ്ഥാനത്തിലോ ആയിരുന്നില്ല എന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇത്തരം സാഹചര്യങ്ങളിൽ പുറത്താക്കപ്പെടുന്ന കളിക്കാർക്ക് നഷ്ടപരിഹാരത്തിനും മറ്റും അർഹതയുണ്ടെന്നും പ്രതികരിച്ചു.
കരാർ റദ്ദാക്കുന്നതിനെതിരേ ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും നിയമപരമായ അന്വേഷണത്തിനും ഡബ്യുസിഎ പിന്തുണ നൽകിയിരുന്നു. - മിഥുൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ ഇത്തരം നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് മുസ്താഫിസുർ തീരുമാനിക്കുകയായിരുന്നു. താരത്തിന്റെ ഈ നിലപാടിന് പിന്നാലെയാണ് നിയമപോരാട്ടങ്ങളിലേക്ക് കടക്കാതിരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.
അതേസമയം ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയ മുസ്താഫിസുർ അടുത്ത സീസണിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഇക്കാര്യം പിഎസ്എൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.
Content Highlights: Mustafizur Rahman Offered Chance To Pursue Action Against KKR