ലോകകപ്പ് ജേതാവ് കുല്‍ദീപ് യാദവ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

ലഖ്‌നൗ: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗം കുല്‍ദീപ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യോഗിയുടെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സാമൂഹിക മാധ്യമത്തിലൂടെയാണ് യോഗി ഇക്കാര്യം അറിയിച്ചത്.
ഇന്ന് ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം കുല്‍ദീപ് യാദവുമായി കൂടിക്കാഴ്ച നടത്തിയെന്ന് യോഗി എക്‌സില്‍ പങ്കുവെച്ച, ഇരുവരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം കുറിച്ചു. യോഗിക്ക് നന്ദിയറിയിച്ചുകൊണ്ട് കുല്‍ദീപും ഇത് പങ്കുവെച്ചിട്ടുണ്ട്. യു.പി.യിലെ കാണ്‍പുര്‍ സ്വദേശിയാണ് കുല്‍ദീപ്.
ജൂണ്‍ 29-ന് ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. തുടര്‍ന്ന് രാജ്യത്ത് മടങ്ങിയെത്തിയ ടീമിന് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രഭാതവിരുന്നും മുംബൈയില്‍ വന്‍ വരവേല്‍പ്പും ലഭിച്ചിരുന്നു. കാണ്‍പുരിലെത്തിയപ്പോഴും നിരവധി ആരാധകര്‍ അദ്ദേഹത്തെ വരവേറ്റു. പടക്കം പൊട്ടിച്ചും സംഗീതത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെയുമായിരുന്നു കാണ്‍പുരില്‍ കുല്‍ദീപിന് ലഭിച്ച സ്വീകരണം.
Content Highlights: kuldeep yadav met up chief minister yogi adityanath