കൗണ്ടി ക്രിക്കറ്റിൽ പത്ത് വിക്കറ്റുമായി കുൽദീപ്; ഗംഭീർ ഇത് കാണുന്നുണ്ടോയെന്ന് ആരാധകർ

കുല്‍ദീപ് യാദവ് | Photo: X/YorkshireCCC
കുല്‍ദീപ് യാദവ് | Photo: X/YorkshireCCC

ആർ.അശ്വിന്റെ വിരമിക്കലിനുശേഷം കുൽദീപ് യാദവ് ഇന്ത്യയുടെ സ്ഥിരം സ്പിന്നറാകുമെന്ന പ്രതീക്ഷയിലായിരുന്നു. പലപ്പോഴും സെലക്ടർമാർ അശ്വിൻ-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനെ ആശ്രയിച്ചിരുന്നതിനാൽ കുൽദീപിന്റെ സ്ഥാനം ബെഞ്ചിലായിരുന്നു. എന്നാൽ അശ്വിന്റെ വിരമിക്കലിന് ശേഷവും കുൽദീപിന് ഇന്ത്യൻ ടീമിൽ കാര്യമായി ഇടം നേടാനായില്ല. 2017ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്ത്യയ്ക്കായി 19 ടെസ്റ്റുകളിൽ മാത്രമേ കുൽദീപ് കളിച്ചിട്ടുള്ളൂ.

ഇപ്പോഴിതാ കൗണ്ടി ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടവുമായി സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ. എസ്സെക്‌സിനെതിരായ മത്സരത്തിൽ യോക്‌ഷെയറിനായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയാണ് കുൽദീപ് കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്‌സിൽ 70 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഇന്ത്യൻ സ്പിന്നർ രണ്ടാം ഇന്നിങ്‌സിൽ 50 റൺസിന് ആറ് വിക്കറ്റുകളും വീഴ്ത്തി.

കുൽദീപിന്റെ ടേൺ ചെയ്‌തെത്തിയ പന്ത് ബാറ്ററുടെ വിക്കറ്റ് പിഴുതെടുക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ സ്പിന്നറുടെ ബൗളിങ് മികവിൽ എസ്സെക്‌സിനെ 171, 113 റൺസിന് ഒതുക്കിയ യോക്‌ഷെയർ 106 റൺസ് വിജയവും സ്വന്തമാക്കി.

ഇതിന് പിന്നാലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ വിമർശനവുമുയർന്നു. കുൽദീപിനെ വേണ്ടപോലെ ഉപയോഗിക്കാൻ ടീം ശ്രമിച്ചില്ലെന്നും നിലവിലെ മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് കുൽദീപെന്നും ആരാധകർ കുറിച്ചു. കുൽദീപിനെപ്പോലെ ചൈനാമാൻ ബൗളിങ് ശൈലിയുള്ളവർ വിരളമാണെന്ന് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ഓർക്കണമെന്നും ആരാധകർ ചൂണ്ടിക്കാട്ടി.

Content Highlights: Kuldeep Yadav claimed a 10-wicket match haul (4/70 and 6/50) for Yorkshire against Essex in the County Championship., He also contributed with the bat, scoring 36 runs in the match., Despite being India's premier spinner, his chances in the playing XI have been limited under coach Gautam Gambhir., Kuldeep's stellar performance in English conditions highlights his capability and challenges team selection strategies.