‘ശിവം ദുബെയെ സന്തോഷത്തോടെ വിട്ടുകൊടുത്ത് ഹാർദിക്കിനെ സ്വീകരിക്കൂ’- സിഎസ്‌കെയോട് ശ്രീകാന്ത്

ചെന്നൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കണമെന്ന് ഇന്ത്യയുടെ മുൻ താരം ശ്രീകാന്ത്. ഇതിനായി ഓൾറൗണ്ടർ ശിവം ദുബെയെ ചെന്നൈ സന്തോഷത്തോടെ വിട്ടുനൽകണമെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് പറയുന്നു. കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം പ്രകടനം കാരണം ഇരുടീമുകളും താരങ്ങളെ കൈമാറ്റം ചെയ്യാൻ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം.
'ഞാനാണ് ചെന്നൈ ടീം മാനേജ്‌മെന്റെങ്കിൽ ശിവം ദുബെയെ സന്തോഷത്തോടെ മുംബൈയ്ക്ക് നൽകും. ദുബെയെ സ്വീകരിക്കണമെന്ന് മുംബൈ ഇന്ത്യൻസിനോട് ഞാൻ അപേക്ഷിക്കും. എന്നാൽ മുംബൈ ഈ ട്രേഡിന് സമ്മതിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം ഈ നീക്കം ചെന്നൈയ്ക്ക് മാത്രമേ ഗുണം ചെയ്യൂ'- ശ്രീകാന്ത് വ്യക്തമാക്കി. ക്യാപ്റ്റൻ, പേസ് ബൗളർ, മധ്യനിര ബാറ്റർ തുടങ്ങിയ ചുമതലകൾ മനോഹരമായി കൈകാര്യം ചെയ്യാൻ അറിയുന്ന അപൂർവം ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹാർദിക്കെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
മുംബൈയിൽ ലഭിച്ചതിനേക്കാൾ വലിയ ആരാധക പിന്തുണ ചെന്നൈയിൽ ഹാർദിക്കിന് ലഭിക്കും. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ബ്രെവിസ്, ആയുഷ് മാത്രെ, ഹാർദിക് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയെ കെട്ടിപ്പടുക്കാൻ ചെന്നൈയ്ക്ക് കഴിയുമെന്നും ശ്രീകാന്ത് പറയുന്നു.
ഗുജറാത്ത് ടൈറ്റൻസിലേക്ക് ഹാർദിക് തിരികെപ്പോകാനുള്ള സാധ്യതയും ശ്രീകാന്ത് തള്ളി. നിലവിൽ ജേസൺ ഹോൾഡറെപ്പോലെയുള്ള ഓൾറൗണ്ടർ ഗുജറാത്തിലുള്ളതിനാൽ തിരിച്ചുപോക്ക് പ്രായോഗികമല്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അതു മാത്രമല്ല, ഗുജറാത്തിൽ നിലവിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനായുള്ളതിനാൽ ലീഡർഷിപ്പ് റോൾ ഹാർദിക്കിന് കിട്ടാത്തതും തിരിച്ചുപോക്ക് സങ്കീർണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kris Srikkanth suggests CSK should trade Shivam Dube to Mumbai Indians in exchange for Hardik Pandya., Hardik Pandya is reportedly targeted by CSK, KKR, and DC following struggles with MI., Srikkanth highlights Pandya's value as a middle-order batter, pacer, and potential leader for CSK., A return to Gujarat Titans is ruled out due to Shubman Gill's current captaincy role.