മത്സരത്തിനിടെ കോലി കുടിച്ച കറുത്ത ദ്രാവകമെന്ത്?; വീഡിയോ വൈറൽ, സാമൂഹിക മാധ്യമങ്ങളിൽ ചർച്ച

ഇന്ദോർ: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ തോറ്റെങ്കിലും തലയുയർത്തിയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി മടങ്ങിയത്. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ കോലിയാണ് ഇന്ത്യൻ ഇന്നിങ്‌സിൽ പൊരുതിനിന്നത്. മുൻ നിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ നിലയുറപ്പിച്ച് ബാറ്റേന്തിയ കോലി 108 പന്തിൽ നിന്ന് 124 റൺസെടുത്താണ് മടങ്ങിയത്. ഇന്നിങ്‌സിൽ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തംപേരിലാക്കിയിരുന്നു.
ഇപ്പോഴിതാ മത്സരത്തിനിടെ വിരാട് കോലി കുടിച്ച ദ്രാവകത്തെപ്പറ്റിയാണ് സാമൂഹികമാധ്യമങ്ങളിൽ ചൂടുള്ള ചർച്ച. കറുത്ത നിറത്തിലെ ദ്രാവകം ചെറിയ ഗ്ലാസിൽ കുടിച്ചശേഷം തല കുടയുന്നതും തൊട്ടുപിറകെ വെള്ളം കുടിക്കുന്നതും പിന്നീട് പഴം കഴിക്കുന്നതുമായ വീഡിയോയാണ് വൈറലായത്. ശാരീരികക്ഷമതയ്ക്കുള്ള എന്തോ ആണ് കോലി കുടിച്ചതെന്നാണ് ഭൂരിഭാഗം പേരും കമന്റായി പറയുന്നത്. മസിലുകളുടെ വേദന കുറയ്ക്കാനുള്ള മരുന്നാകാമെന്നുള്ള വാദവുമുണ്ട്. അതേസമയം കായിക താരങ്ങൾ ഉപയോഗിക്കാറുള്ള പിക്കിൾ ജ്യൂസാണ് ഇതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പേശികൾക്ക് കരുത്ത് ലഭിക്കാനായാണ് താരങ്ങൾ സാധാരണയായി ഇത് കുടിക്കാറുള്ളത്. കോലിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലാണ്.
മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയോടെ കിവീസിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററായി കോലി മാറിയിരുന്നു. ന്യൂസീലൻഡിനെതിരേ 10 സെഞ്ചുറികളാണ് കോലിക്കുള്ളത്. ഏകദിനത്തിലെ ഏഴാം സെഞ്ചുറിയുമാണിത്. 9 സെഞ്ചുറികളുള്ള മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസ്, ഇംഗ്ലണ്ട് താരം ജോ റൂട്ട്, സച്ചിൻ തെണ്ടുൽക്കർ എന്നിവരെയാണ് കോലി മറികടന്നത്. ഏകദിനക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെയാണ് താരം മറികടന്നത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലും കോലിയെത്തി. ഇന്ദോറിലെ സെഞ്ചുറിയോടെ 35 വേദികളിലാണ് കോലി മൂന്നക്കം തൊട്ടത്. 34 വേദികളിൽ സെഞ്ചുറി നേടിയ സച്ചിനെയാണ് കോലി പിന്നിലാക്കിയത്. ഏകദിനത്തിൽ 37 ഇന്നിങ്‌സിലാണ് താരം 300 റൺസിലധികം ചേസ് ചെയ്യാനിറങ്ങിയത്. അതിൽ 2131 റൺസും നേടി. 10 സെഞ്ചുറികളും ഒൻപത് അർധസെഞ്ചുറികളുമുണ്ട്.
Content Highlights: kohli drinking video viral