രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് ഒന്നും അര്‍ഥമാക്കുന്നില്ല-രോഹിത് ശര്‍മ്മ

ഇന്ദോര്‍: കെ.എല്‍ രാഹുലിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് ഒന്നും അര്‍ഥമാക്കുന്നില്ലെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതികരണം.
'മോശം സമയങ്ങളിലൂടെ കടന്നുപോകുന്ന താരങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ കഴിവുള്ളവര്‍ക്ക് അത് തെളിയിക്കാന്‍ അവസരം നല്‍കും. ടീമിന്റെ വൈസ് ക്യാപ്റ്റനാകുകയോ അല്ലാതിരിക്കുകയോ ചെയ്യുന്നതില്‍ കാര്യമായൊന്നുമില്ല. രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഘട്ടത്തില്‍ അദ്ദേഹം ടീമിലെ മുതിര്‍ന്ന താരങ്ങളിലൊരാളായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ട് ഒന്നും അര്‍ഥമാക്കുന്നില്ല.'- രോഹിത് ശര്‍മ്മ പറഞ്ഞു.
നേരത്തേ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കെഎല്‍ രാഹുലായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങൡലക്കുള്ള ടീം ലിസ്റ്റില്‍ വൈസ് ക്യാപ്റ്റനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രാഹുലിന് പകരം മറ്റാര്‍ക്കും ഈ ചുമതല നല്‍കിയിട്ടുമില്ല. നിലവില്‍ മോശം ഫോം തുടരുന്ന രാഹുലിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ രാഹുലിന് പകരം മിന്നും ഫോമിലുള്ള യുവതാരം ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ആവശ്യമുന്നയിച്ചുകഴിഞ്ഞു.
അതേസമയം രാഹുലിന് പകരം ഗില്‍ ടീമിലിടം നേടുമോ എന്ന ചോദ്യത്തിന് മത്സരത്തില്‍ ആരൊക്കെ കളിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ടോസിന്റെ സമയത്ത് മാത്രമേ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂവെന്നും രോഹിത് പറഞ്ഞു.
Content Highlights: KL Rahul's removal as India vice-captain comment by rohith sharma