152 റൺസ്! ഒറ്റ ഇന്നിങ്സിൽ റെക്കോഡ് പൂരം തീർത്ത് രാഹുൽ; സഞ്ജുവിനെയും മറികടന്നു

#സ്പോർട്സ് ഡെസ്ക്
കെ.എൽ. രാഹുൽ | PTI
കെ.എൽ. രാഹുൽ | PTI

ന്യൂഡൽഹി: ഐപിഎല്ലിൽ തകർപ്പൻ സെഞ്ചുറിയോടെ റെക്കോഡ് കുറിച്ച് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. പഞ്ചാബിനെതിരേ 67 പന്തിൽ നിന്ന് 152 റൺസ് അടിച്ചെടുത്ത താരം ഐപിഎല്ലിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം കരസ്ഥമാക്കി. 16 ഫോറും ഒൻപത് സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. രാഹുലിന്റെ റെക്കോഡ് പ്രകടനത്തിന്റെ ബലത്തിൽ 20 ഓവറിൽ 264 റൺസാണ് ഡൽഹി പടുത്തുയർത്തിയത്.

ഐപിഎല്ലിൽ മാത്രമല്ല, ഒരു ഇന്ത്യൻ താരത്തിന്റെ ടി20 യിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ശനിയാഴ്ച രാഹുൽ കാഴ്ചവെച്ചത്. ടി20 യിലെ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 152 റൺസ് അടിച്ചെടുത്ത രാഹുൽ ഐപിഎല്ലിലെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് സ്വന്തമാക്കിയത്. ഇന്ത്യൻ താരങ്ങളെ പരിഗണിക്കുമ്പോൾ ഐപിഎല്ലിലെ ഉയർന്ന സ്‌കോർ. അഭിഷേക് ശർമയുടെ റെക്കോഡാണ് താരം മറികടന്നത്. 2025 ൽ പഞ്ചാബിനെതിരേ 141 റൺസാണ് അഭിഷേക് നേടിയത്.

മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. 2016 പുണെ വാരിയേഴ്‌സിനെതിരേ, ആർസിബിക്കായി 175 റൺസാണ് ഗെയ്ൽ അടിച്ചെടുത്തത്. പട്ടികയിൽ രണ്ടാമതുള്ളത് മുൻ കിവീസ് താരം ബ്രണ്ടൻ മക്കെല്ലമാണ്. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ 158 റൺസാണ് മക്കെല്ലം നേടിയത്. ശനിയാഴ്ചത്തെ ഇന്നിങ്‌സോടെ ഐപിഎല്ലിൽ ഒരു മത്സരത്തിൽ 150-ലധികം സ്‌കോർ നേടുന്ന മൂന്നാമത്തെ താരമായി രാഹുൽ മാറി.

മൂന്ന് ഫ്രാഞ്ചൈസികളായി ഒന്നിലധികം സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോഡും രാഹുൽ സ്വന്തമാക്കി. പഞ്ചാബ്, ലഖ്‌നൗ, ഡൽഹി ടീമുകൾക്കായി രണ്ട് വീതം സെഞ്ചുറികളാണ് രാഹുൽ നേടിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരിൽ സഞ്ജു സാംസണിനെ രാഹുൽ മറികടന്നു. ആറ് സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. സഞ്ജുവിന് അഞ്ച് സെഞ്ചുറികളാണുള്ളത്. വിരാട് കോലി (8), ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ (7), വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (6) എന്നിവരാണ് പട്ടികയിൽ മുന്നിലുള്ളവർ. ഈ ഇന്നിങ്സോടെ ഓറഞ്ച് ക്യാപ്പും താരം ഭദ്രമാക്കി. ഏഴു ഇന്നിങ്സുകളിൽ നിന്ന് 357 റൺസാണ് രാഹുലിന്റെ സമ്പാദ്യം.

Content Highlights: KL Rahul scored 152 runs off 67 balls against Punjab., New record for the highest individual score by an Indian batter in IPL history., First player to score multiple centuries for three different IPL franchises., Surpassed Abhishek Sharma's 2025 record of 141 runs., Third-highest individual score in IPL history overall.