മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് കീഴടക്കി; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊൽക്കത്ത: നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് കീഴടക്കി ഐ.പി.എൽ.ക്രിക്കറ്റിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ടുവിക്കറ്റിന് 147 റൺസ് നേടിയപ്പോൾ കൊൽക്കത്ത 18.5 ഓവറിൽ ആറു വിക്കറ്റിന് 148 റൺസെടുത്ത് ലക്ഷ്യം നേടി.അവസാന ഏഴു കളികളിൽ ആറാം ജയമാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കായത്. ഒരു മത്സരം അവശേഷിക്കെ കൊൽക്കത്ത 13 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
മികച്ച പ്രകടനത്തിലൂടെ മുംബൈ ഇന്നിംഗ്‌സ് പിടിച്ചുകെട്ടിയ ബൗളർമാരുടെ പ്രകടനമാണ് കൊൽക്കത്തയുടെ ജയത്തിൽ നിർണായകമായത്. നിരവധി ക്യാച്ചുകൾ മുംബൈ നഷ്ടമാക്കിയതും ആതിഥേയർക്ക് തുണയായി.
ചെറിയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് ഓപ്പണർ ഫിൻ അലനെ (8) തുടക്കത്തിൽ നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ ക്യാപ്റ്റൻ അജങ്ക്യ രഹാനെ (21), മനീഷ് പാണ്ഡെ (33 പന്തിൽ 45), റൊവ്മാൻ പവൽ (30 പന്തിൽ 40) എന്നിവരുടെ പ്രകടനം ടീമിന്റെ രക്ഷക്കെത്തി.
ആദ്യം ബാറ്റുചെയ്ത മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറി. റയാൻ റിക്കെൽട്ടൺ(6), നമാൻ ധിർ(0), രോഹിത് ശർമ(15) എന്നിവർ വേഗം മടങ്ങി. സൂര്യകുമാർ യാദവും (15) പെട്ടെന്ന് മടങ്ങിയതോടെ മുംബൈയുടെ നില പരുങ്ങലിലായി. ആറോവറിൽ 46-4 എന്ന നിലയിലായിരുന്നു ടീം. എട്ടോവറിന് ശേഷം മഴ അൽപ്പനേരം കളി തടസ്സപ്പെടുത്തി.
കളി പുനരാരംഭിച്ചതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയും തിലക് വർമയും രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ടീമിനെ 80 കടത്തി. എന്നാൽ 14-ാം ഓവറിൽ തിലക് വർമ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. താരം 32 പന്തിൽ നിന്ന് 20 റൺസെടുത്തു. പിന്നാലെ ഹാർദിക് പാണ്ഡ്യയും 26 റൺസുമായി മടങ്ങി. കൊൽക്കത്ത ബൗളർമാർ കരുത്തുകാട്ടിയതോടെ മുബൈ വിയർത്തു.
അവസാന ഓവറുകളിൽ കോർബിൻ ബോഷ് നടത്തിയ വെടിക്കെട്ടാണ് ടീമിനെ 147 ലെത്തിച്ചത്. കോർബിൻ ബോഷ് 18 പന്തിൽ നിന്ന് 32 റൺസെടുത്തു. കൊൽക്കത്തയ്ക്കായി സൗരഭ് ദുബെ, കാമറൂൺ ഗ്രീൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. സുനിൽ നരെയ്ൻ നാലോവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരുവിക്കറ്റെടുത്തു.
Content Highlights: Kolkata Knight Riders vs Mumbai Indians ipl match