ഗുജറാത്തിനെ 29 റൺസിന് തോൽപ്പിച്ചു, പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത

ഗുജറാത്തിനെതിരെ വിജയം നേടിയ ശേഷം കൊല്‍ക്കത്ത താരങ്ങള്‍ |ഫോട്ടോ:PTI
ഗുജറാത്തിനെതിരെ വിജയം നേടിയ ശേഷം കൊല്‍ക്കത്ത താരങ്ങള്‍ |ഫോട്ടോ:PTI

കൊൽക്കത്ത: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഫിൻ അലന്റെ ഫൈൻ ഇന്നിങ്‌സ് കൊൽക്കത്തയ്ക്ക് കരുത്തായി. ഐ.പി.എൽ. ക്രിക്കറ്റിൽ ശനിയാഴ്ച ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നേരിയ പ്രതീക്ഷ നിലനിർത്തി. സ്‌കോർ: കൊൽക്കത്ത 20 ഓവറിൽ രണ്ടിന് 247, ഗുജറാത്ത് 218/4.

കൊൽക്കത്തയുടെ ഓപ്പണർ ഫിൻ അലൻ (35 പന്തിൽ 93) തുടങ്ങിവെച്ചത് ആങ്ക്രിഷ് രഘുവംശിയും (44 പന്തിൽ 82*) കാമറൂൺ ഗ്രീനും (28 പന്തിൽ 52*) ഏറ്റെടുത്തതോടെ ഈ സീസണിലെ അവരുടെ ഉയർന്ന സ്‌കോറിലെത്തി. അലൻ 10 സിക്സും നാലു ഫോറും നേടിയപ്പോൾ രഘുവംശി ഏഴു സിക്സും നാലു ഫോറും നേടി. കാമറൂൺ ഗ്രീൻ നാലു സിക്സും മൂന്നു ഫോറും അടിച്ചു. കൊൽക്കത്ത ഇന്നിങ്സിൽ ആകെ 22 സിക്സുണ്ട്.

മറുപടി ബാറ്റിങ്ങിൽ, സായ് സുദർശൻ (28 പന്തിൽ 53*), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്ലർ (35 പന്തിൽ 57) എന്നിവരുടെ തിരിച്ചടിയിൽ ഗുജറാത്ത് പ്രതീക്ഷയർപ്പിച്ചെങ്കിലും ജയിക്കാനായില്ല.

ഗില്ലും സായ് സുദർശനും ചേർന്ന് മൂന്നോവറിൽ 42 റൺസ് ചേർത്തപ്പോൾ പന്ത് കാലിൽക്കൊണ്ട് സുദർശൻ റിട്ടയർ ചെയ്തു. പകരമെത്തിയ നിഷാന്ത് സിന്ധു (1) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഗില്ലും ബട്ലറും ചേർന്ന് 73 പന്തിൽ 128 റൺസ് ചേർത്തു. അവസാന നാലോവറിൽ 71 റൺസ് വേണ്ട ഘട്ടത്തിൽ സുനിൽ നരെയ്‌ന്റെ പന്തിൽ ഗിൽ പുറത്തായി. ഗിൽ ഏഴു സിക്‌സും അഞ്ചു ഫോറും നേടി. ഇതോടെ സുദർശൻ മടങ്ങിയെത്തി. കാർത്തിക് ത്യാഗി എറിഞ്ഞ 18-ാം ഓവറിൽ 21 റൺസ് അടിച്ചു. 19-ാം ഓവറിൽ അഞ്ചു റൺ മാത്രം വഴങ്ങിയ സൗരഭ് ദുബെ ബട്ലറെ പുറത്താക്കിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷയറ്റു.

ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ് തിരഞ്ഞെടുത്തു. അജിൻക്യ രഹാനെ (14 പന്തിൽ 14) പുറത്തായശേഷം ആങ്ക്രിഷ് രഘുവംശി എത്തിയപ്പോഴാണ് ഫിൻ അലൻ തന്റെ യഥാർഥ ബാറ്റിങ് പുറത്തെടുത്തത്. പവർ പ്ലേയിലെ ആറോവറിൽ ഒന്നിന് 56-ലായിരുന്ന കൊൽക്കത്ത 10 ഓവറിൽ 116-ലെത്തി. 21 പന്തിൽ അലൻ 50 തികച്ചു.

14, 33 റൺസിൽനിൽക്കേ ഫിൻ അലന്റെ ക്യാച്ച് കൈവിട്ടിരുന്നു. ഗ്രീൻ, രഘുവംശി എന്നിവർക്കും ഓരോ ലൈഫ് കിട്ടി.

പന്ത്രണ്ടാം ഓവറിൽ പുറത്തായ അലൻ രണ്ടാം വിക്കറ്റിൽ രഘുവംശിക്കൊപ്പം 41 പന്തിൽ 95 റൺസ് ചേർത്തിരുന്നു. എന്നിട്ടും ഗുജറാത്തിന് ആശ്വസിക്കാനായില്ല. കാമറൂൺ ഗ്രീനിനും രഘുവംശിയും ചേർന്ന് മൂന്നാംവിക്കറ്റിൽ 53 പന്തിൽ 108 റൺസെടുത്തു.