മുംബൈക്കെതിരേ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാകില്ല; ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ച് പൊള്ളാര്‍ഡ്

Photo: twitter.com
Photo: twitter.com

മുംബൈ: ഡിസംബറില്‍ നടക്കാനിരിക്കുന്ന താരലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി റിലീസ് ചെയ്തതിനു പിന്നാലെ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്.

മുംബൈ ടീം താരത്തെ റിലീസ് ചെയ്തതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. മുംബൈക്കൊപ്പം 13 സീസണുകള്‍ നീണ്ട കരിയറിനാണ് ഇതോടെ പൊള്ളാര്‍ഡ് അവസാനം കുറിച്ചത്.

''കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ ഉദ്ദേശിച്ചിരുന്നതിനാല്‍ ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച ഈ അവിശ്വസനീയമായ ഫ്രാഞ്ചൈസിക്ക് മാറ്റം ആവശ്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്കിനി മുംബൈക്കായി കളിക്കാനാകുന്നില്ലെങ്കില്‍, എനിക്ക് മുംബൈക്കെതിരേ കളിക്കുന്നതും ചിന്തിക്കാനാകില്ല. ഒരു മുംബൈ താരം എപ്പോഴും മുംബൈ താരമായിരിക്കും. കഴിഞ്ഞ 13 ഐപിഎല്‍ സീസണുകളിലെ ഏറ്റവും വിജയകരമായ ടീമിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു'' - പൊള്ളാര്‍ഡ് കുറിച്ചു.

മുംബൈക്കായി ഇനി കളിക്കില്ലെങ്കിലും ടീമിന്റെ ബാറ്റിങ് കോച്ചിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും പൊള്ളാര്‍ഡ് അറിയിച്ചു.

2013, 2015, 2017, 2019, 2020 സീസണുകളില്‍ മുംബൈക്കൊപ്പം ഐപിഎല്‍ കിരീടങ്ങള്‍ നേടിയ പൊള്ളാര്‍ഡ്, 2011, 2013 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗും മുംബൈക്കൊപ്പം സ്വന്തമാക്കി.

ഐപിഎല്ലില്‍ മുംബൈക്കായി 189 മത്സരങ്ങളില്‍ നിന്ന് 3412 റണ്‍സും 69 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Kieron Pollard calls time on his IPL career