ഖവാജയ്ക്ക് അവസാന മത്സരം; ആഷസ് ജയം ആഘോഷിക്കാൻ ഒപ്പം വേണം, ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയ

സിഡ്‌നി: അവസാന മത്സരം കളിച്ച ഉസ്മാൻ ഖവാജയ്ക്കായി ആഷസ് വിജയം ആഘോഷിക്കാൻ ഷാംപെയ്ൻ ആഘോഷം ഒഴിവാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തോടെ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെ താരത്തെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ടിയാണ് ഓസീസ് ടീം തങ്ങളുടെ സ്വതസിദ്ധമായ ഷാംപെയ്ൻ ആഘോഷം വേണ്ടെന്നുവെച്ചത്.
നേരത്തേ 2022-ലെ ആഷസിൽ ഓസ്‌ട്രേലിയ 4-0ന്റെ വിജയം ആഘോഷിക്കുമ്പോൾ ഖവാജയ്ക്കു മേൽ മദ്യം തളിക്കാതിരിക്കാൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇടപെടുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഷാംപെയ്ൻ കുപ്പികൾ മാറ്റിവെച്ച ശേഷം കമ്മിൻസ്, ഖവാജയെ ടീമിനൊപ്പം വിജയം ആഘോഷിക്കാൻ വേദിയിലേക്ക് ക്ഷണിക്കുന്നതായിരുന്നു ഈ വീഡിയോ. പാകിസ്താൻ വംശജനും ഇസ്ലാം മതവിശ്വാസിയുമായ ഖവാജ മതപരമായ കാരണങ്ങളാൽ മദ്യം ഉൾപ്പെടുന്ന ആഘോഷങ്ങളിലൊന്നും പങ്കെടുക്കാറില്ല.
ഇത്തവണ ആഷസിൽ ഇംഗ്ലണ്ടിനെ 4-1ന് തകർത്ത ശേഷം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഓസീസ് ടീമും ഷാംപെയ്ൻ കുപ്പികൾ പൊട്ടിക്കാതെ വിജയം ആഘോഷിക്കുകയായിരുന്നു. ഖവാജ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം വേദിയിലേക്ക് കയറി ട്രോഫിയുമായി വിജയം ആഘോഷിക്കുകയും ചെയ്തു.
88 ടെസ്റ്റിൽ നിന്ന് 6,229 റൺസുമായി ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ 15-ാമത്തെ കളിക്കാരനായാണ് ഖവാജ തന്റെ ഓസീസ് കരിയർ അവസാനിപ്പിച്ചത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലണ്ട് ടീം അവസാന മത്സരത്തിൽ താരത്തെ സ്വീകരിച്ചത്. 2011-ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
അതേസമയം സിഡ്‌നി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഓസ്‌ട്രേലിയ ആഷസ് പരമ്പര 4-1ന് ആധികാരികമായി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 31.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
Content Highlights: Australia skips champagne celebration to honor Usman Khawaja`s last match. Celebrating Ashes victory with their teammate. Learn more about this special tribute.