ക്രിക്കറ്റിലെ നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വപ്‌നം മാത്രം; കോലിക്ക് പിന്തുണയുമായി കെ.പി

ലണ്ടന്‍: സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വിരാട് കോലിക്ക് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. കോലി ഇതിനകം ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കൂവെന്ന് പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
2019 നവംബര്‍ 23-ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി അവസാനമായി മൂന്നക്കം കടന്നത്. അതിനു ശേഷം 964 ദിവസങ്ങളും 77 ഇന്നിങ്‌സുകളും കടന്നുപോയെങ്കിലും കോലിക്ക് ഇതുവരെ ഒരു സെഞ്ചുറി നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ കളിച്ച രണ്ട് ട്വന്റി 20-കളിലും കോലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
കോലിക്കെതിരായ വിമര്‍ശങ്ങള്‍ ഏറിയതോടെ താരത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.