ഒഡിഷയ്ക്ക് ഫോളോ ഓൺ, പിടിമുറുക്കി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്ക്കെതിരേ പിടിമുറുക്കി കേരളം. ആദ്യ ഇന്നിങ്സിൽ ഒഡിഷയെ 225 റൺസിന് പുറത്താക്കിയ കേരളം 149 റൺസിന്റെ ലീഡും സ്വന്തമാക്കി. രണ്ടാമിന്നിങ്സിൽ ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ചു. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ഒഡിഷ.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഒഡിഷ ബാറ്റിങ് തകർച്ച നേരിട്ടു. ഒഡിഷ ബാറ്റർമാരെ നിരനിരയായി മടക്കിയ കേരളം ആധിപത്യം പുലർത്തി. സന്ദീപ് പട്നായിക് (2), അശ്വിൻകുമാർ (1) എന്നിവർ വേഗം മടങ്ങി. ആറാം വിക്കറ്റിൽ രാജേഷ് ധുപാറും സുബ്രാൻഷു സേനാപതിയും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരും 60 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. സുബ്രാൻഷു 50 റൺസെടുത്തും രാജേഷ് 34 റൺസെടുത്തും പുറത്തായി. ലളിത് യാദവ് 37 റൺസുമായി ടീമിനെ 200 കടത്തി.
പിന്നീട് ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച കേരളം മികവുകാട്ടി. രണ്ട് വിക്കറ്റ് വീഴ്ത്തി. ശാന്തനു മിശ്ര (2), ടി മുൺഡെ (9) എന്നിവർ പുറത്തായി. ഗൗരവ് ചൗധരിയും സുബ്രാൻഷു സേനാപതിയുമാണ് ക്രീസിൽ.
നേരത്തേ ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസാണെടുത്തത്. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും അസ്ഹറുദ്ദീന്റെയും പ്രകടനമാണ് കേരളത്തിന് തുണയായത്. 235 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം സച്ചിൻ 112 റൺസെടുത്തു. 263 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 139 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.
Content Highlights: Kerala scored 404 runs in the first innings powered by centuries from Sachin Baby and Mohammed Azharuddeen., Odisha was bowled out for 225 runs, giving Kerala a massive 149-run first-innings lead., Kerala enforced a follow-on against Odisha