രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തോൽവി; ബംഗാളിന്റെ വിജയം 287 റൺസിന്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തെ 287 റൺസിന് തകർത്ത് ബംഗാൾ. 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സിൽ വെറും 120 റൺസിന് ഓൾഔട്ടാവുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയ പ്രദീപ്ത പ്രമാണിക്കാണ് കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടുകയും രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബംഗാളിന്റെ ഷഹബാസ് അഹമ്മദാണ് കളിയിലെ താരം.

സ്‌കോർ: ബംഗാൾ ഒന്നാം ഇന്നിങ്‌സ് - 350, രണ്ടാം ഇന്നിങ്‌സ് - 198, കേരളം ഒന്നാം ഇന്നിങ്‌സ് - 141, രണ്ടാം ഇന്നിങ്‌സ് - 120.

നാലു വിക്കറ്റിന് 53 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. പ്രദീപ്തയുടെ പന്തിൽ അഭിമന്യു ഈശ്വരൻ ക്യാച്ചെടുത്താണ് 19 റൺസെടുത്ത വിഷ്ണു വിനോദ് മടങ്ങിയത്. പ്രദീപ്തയുടെ അടുത്ത ഓവറിൽ സൽമാൻ നിസാറും (1) മടങ്ങി. തുടർന്നെത്തിയ ആദിത്യ സർവാതെയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. മുഹമ്മദ് ഷമിയുടെ പന്തിൽ സർവാതെ ക്ലീൻ ബൗൾഡായി. മൂന്ന് റൺസെടുത്ത വൈശാഖ് ചന്ദ്രനെയും ഷമി തന്നെ ക്ലീൻ ബൗൾഡാക്കി.

തുടർന്നെത്തിയ എം.ഡി. നിധീഷ്, ഷമിയെ ഒരോവറിൽ മൂന്ന് ബൗണ്ടറികൾ പായിച്ചു. നിധീഷും അസറുദ്ദീനും ചേർന്നാണ് കേരളത്തിന്റെ സ്‌കോർ 100 കടത്തിയത്. എന്നാൽ ഷഹബാസ് അഹമ്മദിന്റെ പന്തിൽ 26 റൺസെടുത്ത അസറുദ്ദീൻ ക്ലീൻ ബൗൾഡായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 33 റൺസെടുത്ത നിധീഷിനെയും ഷഹബാസ് തന്നെ മടക്കിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 120-ൽ അവസാനിച്ചു. ബംഗാളിന് വേണ്ടി പ്രദീപ്ത പ്രമാണിക് ആറും മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: Kerala lost to Bengal by 287 runs in the Ranji Trophy., Chasing a target of 408, Kerala was bowled out for 120 in the second innings., Pradipta Pramanik took 10 wickets across both innings for Bengal., Shahbaz Ahmed named Man of the Match for his century and wickets.