കൊച്ചിക്ക് സാലി സാംസൺ, ആലപ്പിയെ സച്ചിൻ ബേബി നയിക്കും; കെ.സി.എലിൽ നായകന്മാർ റെഡി

#രാകേഷ് കെ. നായർ
സാലി സാംസൺ
സാലി സാംസൺ

തിരുവനന്തപുരം: കേരള ക്രിക്കറ്റ്‌ ലീഗ് (കെ.സി.എൽ.) മൂന്നാം സീസൺ 20-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടങ്ങും. സെപ്റ്റംബർ അഞ്ചിനാണ് ഫൈനൽ. 17 ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചിൻ ബ്‌ളൂ ടൈഗേഴ്‌സ്, തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. എല്ലാ ടീമുകളും ക്യാപ്റ്റന്മാരെയും പരിശീലകരെയും പ്രഖ്യാപിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആകെ 107 താരങ്ങളാണ് കളിക്കാൻ തയ്യാറെടുക്കുന്നത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടനമത്സരം.

ട്രിവാൻഡ്രം റോയൽസിന് കൃഷ്ണപ്രസാദ്

ട്രിവാൻഡ്രം റോയൽസിനെ നിലവിലെ ക്യാപ്റ്റൻ കൃഷ്ണപ്രസാദ് തന്നെ നയിക്കും. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ 479 റൺസെടുത്ത കൃഷ്ണപ്രസാദാണ് റൺവേട്ടയിൽ ടൂർണമെന്റിൽ മുന്നിലെത്തിയത്. എസ്.എൽ. അഭിഷേക് മോഹനാണ് പരിശീലകൻ.

സെയിലേഴ്‌സിനെ വത്സൽ ഗോവിന്ദ് നയിക്കും

യുവതാരം വത്സൽ ഗോവിന്ദ് ആണ് പുതിയ സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നയിക്കുന്നത്. താരലേലത്തിൽ സെയിലേഴ്‌സ് തിരികെയെത്തിച്ച താരംകൂടിയാണ് വത്സൽ ഗോവിന്ദ്. കെ.സി.എലിൽ 28 മത്സരങ്ങളിൽനിന്ന് 850 റൺസ് സ്വന്തമാക്കിയ താരം എട്ടു വിക്കറ്റും നേടിയിട്ടുണ്ട്. ആദ്യ സീസൺമുതൽ ടീമിനൊപ്പമുള്ള അഭിഷേക് ജെ. നായരാണ് വൈസ് ക്യാപ്റ്റൻ. കെ.കെ. ജിയാസാണ് ടീമിന്റെ പരിശീലകൻ.

സച്ചിൻ ബേബി ആലപ്പിയുടെ നായകൻ

മുൻ കേരള രഞ്ജി ടീം ക്യാപ്ൻ സച്ചിൻ ബേബി ആലപ്പി റിപ്പിൾസിന്റെ ക്യാപ്റ്റനാകും. മുഹമ്മദ് അസ്ഹറുദ്ദീനാണ് വൈസ് ക്യാപ്റ്റൻ. നേരത്തേ കൊല്ലത്തിനെ നയിച്ചിരുന്ന സച്ചിൻ ബേബി ഇത്തവണയാണ് ആലപ്പി ടീമിനൊപ്പം ചേർന്നത്. കേരള താരം ജലജ് സക്‌സേനയും ടീമിന്റെ ഭാഗമാണ്. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിന്റെ പരിശീലകൻ.

കൊച്ചിക്ക് സാലി സാംസൺ

നിലവിലെ ക്യാപ്റ്റനും സഞ്ജു സാംസന്റെ സഹോദരനുമായ സാലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നയിക്കും. ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ. റൈഫി വിൻസെന്റ് ഗോമസ് തന്നെയാണ് ടീമിന്റെ പരിശീലകൻ. ദീപക് സി.എം., എസ്. അനീഷ് എന്നിവരും പരിശീലക സംഘത്തിലുണ്ട്.

ടൈറ്റൻസിന് അഖിൽ

ഓൾറൗണ്ടർ എം.എസ്. അഖിൽ തൃശ്ശൂർ ടൈറ്റൻസിനെ നയിക്കും. എസ്. സുനിൽകുമാറാണ് മുഖ്യ പരിശീലകൻ. മാനവ് കൃഷ്ണ, ബിജു നാരായണൻ, എ.കെ. അർജുൻ എന്നിവരും ടീമിന്റെ ഭാഗമാണ്.

ഗ്ലോബ്‌സ്റ്റാർസിന് രോഹൻ കുന്നുമ്മൽ

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നിലവിലെ ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽതന്നെ നയിക്കും. അഖിൽ സ്‌കറിയയാണ് വൈസ് ക്യാപ്റ്റൻ. മുൻ കെ.സി.എ. പരിശീലകനായ എൻ. ബിജുമോനാണ് ടീമിന്റെ കോച്ച്.

Content Highlights: KCL 2026 begins on the 20th at Greenfield Stadium, Thiruvananthapuram., Tournament duration is 17 days with the final scheduled for September 5th