ഹാട്രിക് സിക്‌സ്, തകര്‍ത്താടി സഞ്ജു, വെടിക്കെട്ടോടെ രോഹനും; ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരളം

ലഖ്‌നൗ: ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളം ഛത്തീസ്ഗഢിനെ തകര്‍ത്തു. ഛത്തീസ്ഗഢ് ആദ്യം ബാറ്റിങ്ങിനിറങ്ങി 120ന് പുറത്തായപ്പോള്‍ 10.4 ഓവറില്‍ കേരളം അത് മറികടന്നു. വെള്ളിയാഴ്ച റെയില്‍വേസിനോടേറ്റ തോല്‍വിയില്‍ നിന്ന് കേരളത്തിന്റെ തിരിച്ചുവരവായിരുന്നു ഇത്.
ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തില്‍ 43 റണ്‍സെടുത്തു. ഹാട്രിക് അടക്കം അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 43ല്‍ നില്‍ക്കെ ഷോട്ട് പിഴച്ച് പുറത്തായി.
ക്യാപ്റ്റന്റെ ആക്രമണോത്സുകമായ ബാറ്റിങ് 4.2 ഓവറില്‍ കേരളത്തെ 72/1 എന്ന ശക്തമായ നിലയിലെത്തിച്ചു.
ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മല്‍ 17 പന്തില്‍ 33 റണ്‍സെടുത്തു. രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. തുടര്‍ന്ന് വിഷ്ണു വിനോദും (22) സല്‍മാന്‍ നിസാറും (16) പുറത്താകാതെ 10.4 ഓവറില്‍ കേരളത്തെ വിജയത്തിലെത്തിച്ചു. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢിനെ 19.5 ഓവറിലാണ് കേരള ബൗളര്‍മാര്‍ 120ന് ചുരുട്ടിക്കെട്ടിയത്. പേസര്‍ ആസിഫ് കെ എം 16 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഇടംകയ്യന്‍ സ്പിന്നര്‍മാരായ അങ്കിത് ശര്‍മ്മയും വിഘ്‌നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതം നേടി. ഷറഫുദ്ദീന്‍,നിധീഷ്,ബാസിത് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlights: Captain Sanju Samson`s explosive 43 off 15 balls leads Kerala to a dominant win over Chhattisgarh in the Syed Mushtaq Ali Trophy