ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെസിഎ; രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നത്. ആദ്യ മത്സരം ജൂലൈ നാലിന് നടക്കും.
ഓരോ സീസൺ കഴിയുമ്പോഴും കെസിഎല്ലിന് ലഭിക്കുന്ന വൻ സ്വീകാര്യത കണക്കിലെടുത്ത്, ഫാൻ ലീഗിലൂടെ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. അത്യാധുനിക ക്രിക്കറ്റ് ടർഫുകളിലാണ് മത്സരങ്ങൾ നടക്കുക. കേരളത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അർഹമായ അംഗീകാരം ലഭിക്കാനും ഫാൻ ലീഗ് വഴിയൊരുക്കും.
നിലവിൽ കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഫാൻ ലീഗ് നടത്തുന്നത്. ഓരോ ജില്ലയിൽനിന്നും 32 ടീമുകൾക്ക് വീതം മത്സരങ്ങളിൽ പങ്കെടുക്കാം. സോഫ്റ്റ് ടെന്നീസ് ബോൾ ഉപയോഗിച്ച് നോക്കൗട്ട് അടിസ്ഥാനത്തിലാണ് ജില്ലാതല മത്സരങ്ങൾ നടക്കുക.
ജൂലൈ 4, 5 തീയതികളിൽ തിരുവനന്തപുരത്താണ് ആദ്യ മത്സരങ്ങൾ നടക്കുക. തുടർന്ന് ജൂലൈ 11, 12 തീയതികളിൽ കോഴിക്കോടും ജൂലൈ 18, 19 തീയതികളിൽ തൃശൂരും മത്സരങ്ങൾ നടക്കും. കൊച്ചിയിൽ ജൂലൈ 25, 26 തീയതികളിലും ആലപ്പുഴയിൽ ഓഗസ്റ്റ് 1, 2 തീയതികളിലും കൊല്ലത്ത് ഓഗസ്റ്റ് 8, 9 തീയതികളിലുമാണ് മറ്റു മത്സരങ്ങൾ.
ആറ് ജില്ലകളിലെയും ചാമ്പ്യന്മാർ തമ്മിൽ ചാമ്പ്യൻസ് റൗണ്ടിൽ ഏറ്റുമുട്ടും. ഇതിൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ കെസിഎൽ ഫാൻ ലീഗ് കിരീടത്തിനായി മാറ്റുരയ്ക്കും. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമുകളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും ട്രോഫിയും ലഭിക്കും.
രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ സമ്മാനം. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും കേരള ക്രിക്കറ്റ് ആസോസിയേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിനുപുറമെ സംസ്ഥാന തലത്തിൽ നടക്കുന്ന ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയുമാണ്.
ഫാൻ ലീഗിലേക്കുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. 11 അംഗങ്ങളുള്ള സ്ക്വാഡ് ആകണം മത്സരത്തിൽ പങ്കെടുക്കാനുള്ളത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ തങ്ങളുടെ ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. മികച്ച അവതരണവും എഡിറ്റിങ് നൈപുണ്യവും വീഡിയോയുടെ സ്വീകാര്യതയും വിലയിരുത്തപ്പെടും.
വീഡിയോ പങ്കുവെക്കുമ്പോൾ @KeralaCricketAssociation, @kcl_t20 എന്നീ പേജുകൾ ടാഗ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ഈ പോസ്റ്റിന്റെ ലിങ്ക് വാട്സ്ആപ്പ് നമ്പറുകളിലേക്ക് അയച്ചു നൽകുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ 8943 935935 എന്ന നമ്പറിലും കൊച്ചി, ആലപ്പുഴ ജില്ലകളിലുള്ളവർ 8606 935935 എന്ന നമ്പറിലുമാണ് വാട്സ്ആപ്പ് ചെയ്യേണ്ടത്. തൃശൂർ ജില്ലക്കാർ 9539 019595 എന്ന നമ്പറിലേക്കും കോഴിക്കോട് ജില്ലയിലുള്ളവർ 7356 935935 എന്ന നമ്പറിലേക്കുമാണ് ലിങ്ക് അയക്കേണ്ടത്.
Content Highlights: First-ever KCL Fan League for cricket enthusiasts in 2026., Tournament held across 6 districts: Thiruvananthapuram, Kollam, Alappuzha, Kochi, Thrissur, and Kozhikode., Free registration for 11-member squads via social media video submission., Cash prizes of 25,000 INR for district winners and 30,000 INR for state champions., Knockout format using soft tennis balls.