കേരളത്തിന് മികച്ച തുടക്കം; രോഹന്‍ കുന്നുമ്മലിന് അര്‍ധസെഞ്ചുറി

രോഹന്‍ കുന്നുമ്മല്‍ | Photo: facebook/ kca
രോഹന്‍ കുന്നുമ്മല്‍ | Photo: facebook/ kca

ബെംഗളൂരു: മഴ ഭൂരിഭാഗം സമയവും അപഹരിച്ച മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യദിനം 23 ഓവറില്‍ വിക്കറ്റ് നഷ്ടംകൂടാതെ കേരളം 88 റണ്‍സെടുത്തു. 

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (57) അര്‍ധസെഞ്ചുറി തികച്ചു. 31 റണ്‍സോടെ സഹഓപ്പണര്‍ വത്സല്‍ ഗോവിന്ദാണ് രോഹനൊപ്പം ക്രീസില്‍. 74 പന്താണ് രോഹന്‍ നേരിട്ടത്. ഒന്‍പത് ഫോറും ഒരു സിക്സും ഇന്നിങ്സിലുണ്ട്. വത്സല്‍ 31 പന്ത് നേരിട്ടു. നാല് ഫോറും നേടി. 

ടോസ് നേടിയ കര്‍ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആക്രമണ ബാറ്റിങ്ങാണ് കേരള ഓപ്പണര്‍മാര്‍ പുറത്തെടുത്തത്. 

മഴമൂലം ഏറെ വൈകിയാണ് കളിതുടങ്ങിയത്. 3.10-ന് കളി തുടങ്ങുമ്പോള്‍ 30 ഓവര്‍ എറിയാനാണ് തീരുമാനിച്ചത്. എന്നാല്‍ 23 ഓവര്‍ പിന്നിട്ടപ്പോള്‍ വെളിച്ചകുറവുമൂലം നേരത്തെ നിര്‍ത്തി. കേരളം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും ടീമിലുണ്ട്.
 

Content Highlights: karnataka vs kerala ranji trophy cricket