പ്രിയപ്പെട്ട ജിമ്മിക്ക് ജയത്തോടെ പടിയിറക്കം; വിന്‍ഡീസിനെതിരേ ഇന്നിങ്‌സ് ജയവുമായി ഇംഗ്ലണ്ട്

ലണ്ടന്‍: തങ്ങളുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്ക്ക് വമ്പന്‍ ജയത്തോടെ അര്‍ഹിച്ച വിടവാങ്ങലൊരുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. രണ്ടു ദിവസം ശേഷിക്കേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 121/10, 136/10, ഇംഗ്ലണ്ട് - 371/10.
രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിന്‍സന്‍ അരങ്ങേറ്റം ഗംഭീരമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളും നേടി. രണ്ടാം ഇന്നിങ്‌സില്‍ 16 ഓവറുകളെറിഞ്ഞ ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി.
250 റണ്‍സ് കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസ് നിര 136 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 31 റണ്‍സെടുത്ത ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അലിക് അതാനസ് (22), ജേസണ്‍ ഹോള്‍ഡര്‍ (20), മികൈല്‍ ലൂയിസ് (14) എന്നിവര്‍ മാത്രമാണ് മോട്ടിയെ കൂടാതെ ടീമില്‍ രണ്ടക്കം കടന്നത്.
Content Highlights: james anderson bows out of test cricket a winner as england thrash west indies