100 ഏക്കര്‍, 350 കോടി രൂപ ചെലവ്; ഇന്ത്യയില്‍ വീണ്ടും കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ജയ്പുർ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെ അഹമ്മദാബാദിന് സമീപത്തുള്ള മൊട്ടേരയിൽ പണിതുയർത്തിയ സർദാർ പട്ടേൽ സ്റ്റേഡിയത്തിന് പിന്നാലെ ഇന്ത്യയിൽ വീണ്ടും കൂറ്റൻ സ്റ്റേഡിയമുയരുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ രാജസ്ഥാനിലെ ജയ്പുരിലാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന അവകാശവാദത്തോടെയാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാണം.
നാല് മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം തുടങ്ങുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹേന്ദ്ര ശർമ വ്യക്തമാക്കി. 100 ഏക്കറോളം സ്ഥലത്ത് 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്. 45,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ആദ്യഘട്ട നിർമാണം. രണ്ടാം ഘട്ടത്തിൽ ഇതു വിപുലീകരിക്കും. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിൽ നിന്ന് 25 കിലോമീറ്റർ മാറി ജയ്പുർ-ഡൽഹി ഹൈവേയോട് ചേർന്ന് ചോൻപ് ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. 4,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. രഞ്ജി മത്സരങ്ങൾ കണക്കിലെടുത്ത് രണ്ട് പരിശീലന ഗ്രൗണ്ടുകളും സ്റ്റേഡിയത്തിന്റെ ഭാഗമായിട്ടുണ്ടാകും. രണ്ട് റെസ്റ്റോറന്റുകൾ, 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ് കോൺഫറൻസ് റൂം എന്നിവയും ഒരുക്കും. നിലവിൽ 30,000 പേർക്ക് ഇരിക്കാവുന്ന സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ജയ്പുരിലെ മത്സരങ്ങൾ നടക്കുന്നത്.
സ്റ്റേഡിയം നിർമാണത്തിന് ബി.സി.സി.ഐ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ നൽകും. ഇതിനുപുറമെ 100 കോടി രൂപയുടെ പ്രത്യേക സഹായം അസോസിയേഷൻ ബി.സി.സി.ഐയോട് ചോദിക്കും. കോർപറേറ്റ് ബോക്സുകൾ വിറ്റ് 60 കോടി രൂപ സമാഹരിക്കും. 100 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചതായി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി 1.10 ലക്ഷം ആണ്. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1.02 ലക്ഷം ആണ് സീറ്റിങ് കപ്പാസിറ്റി. ഈ രണ്ടു സ്റ്റേഡിയവും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകും ജയ്പുരിൽ നിർമിക്കുന്നത്.
Content Highlights: Jaipur To Have The Third Largest Cricket Stadium In The World In Terms Of Seating Capacity, New Cricket Stadium
Content Highlights: