ഇന്റലിലെ ജോലിവിട്ട് അയർലൻഡിൽ; ഇന്ത്യയെ തോൽപിച്ച ഇന്ത്യക്കാരൻ; വേണം ജയ് മൂന്ദ്രയ്ക്ക് ഒരു ജോലി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/ravikrbgs07/
Photo: x.com/ravikrbgs07/

ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് അയർലൻഡ് ക്രിക്കറ്റ് ടീം. തുടർച്ചയായി രണ്ടു തവണ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെതിരായ ടി20 പരമ്പര തൂത്തുവാരിയിരിക്കുകയാണ് അയർലൻഡ്. പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ അഞ്ചു വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത് അരങ്ങേറ്റ പരമ്പര കളിക്കുന്ന അയർലൻഡിന്റെ ഒരു ഇടംകൈയൻ പേസ് ബൗളറാണ്, ജയ് മൂന്ദ്ര. പേര് കേട്ട് സംശയം തോന്നിയെങ്കിൽ ആ സംശയം ശരിയാണ്, ജയ് മൂന്ദ്ര ഇന്ത്യക്കാരൻ തന്നെ. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മൂന്ദ്ര തന്നെ.

രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരെ ഗോൾഡൻ ഡക്കാക്കിയതും ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കിയതും മൂന്ദ്രയാണ്. ആദ്യ മത്സരത്തിലും സഞ്ജുവിനെ വീഴ്ത്തിയതും ശിവം ദുബെയെ പുറത്താക്കിയതും ഇദ്ദേഹമായിരുന്നു.

എന്നാൽ ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തിനു പിന്നാലെ താരത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വൈറലാകുകയാണ്. നിലവിൽ തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ 'ഓപ്പൺ ടു വർക്ക്' ബാഡ്ജ് സഹിതം അയർലൻഡിലോ യൂറോപ്പിലോ എഞ്ചിനീയറിംഗ് മേഖലയിൽ മുഴുവൻ സമയ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മൂന്ദ്ര. ക്രിക്കറ്റ് മൈതാനത്ത് മികച്ച പ്രകടനം നടത്തുമ്പോഴും പ്രൊഫഷണൽ ജീവിതത്തിൽ ഒരു പുതിയ വഴിതേടുന്ന മൂന്ദ്രയുടെ ഈ നീക്കമാണ് അദ്ദേഹത്തിന്റെ പ്രൊഫൈൽ വൈറലാകാൻ കാരണവും.

രാജസ്ഥാനിലെ ടോങ്ക് സ്വദേശിയാണ് മൂന്ദ്ര. 2021-ൽ ഉപരിപഠനത്തിനായാണ് അദ്ദേഹം അയർലൻഡിലേക്കെത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ അയർലൻഡിനെ പ്രതിനിധീകരിക്കുമ്പോഴും ഇപ്പോഴും മൂന്ദ്രയുടെ പക്കലുള്ളത് ഇന്ത്യൻ പാസ്‌പോർട്ടാണ്.

ഡബ്ലിൻ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം പ്രശസ്ത സ്ഥാപനമായ ഇന്റലിൽ പ്രോഡക്റ്റ് ഡെവലപ്മെന്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്നയാളാണ് ഇദ്ദേഹം. ക്രിക്കറ്റിനോടുള്ള തന്റെ താത്പര്യം നിലനിർത്തിക്കൊണ്ടു തന്നെയായിരുന്നു അദ്ദേഹം ഐടി മേഖലയിൽ ജോലി ചെയ്തുവന്നിരുന്നത്. 2025 ജൂണിൽ പക്ഷേ ആ ജോലി മൂന്ദ്ര ഉപേക്ഷിച്ചു.

ഡബ്ലിനിലെ ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിൽ ചേരുന്നതോടെയാണ് അയർലൻഡിൽ മൂന്ദ്രയുടെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്. ഇടംകൈയൻ ബാറ്ററും ഇടംകൈയൻ പേസറുമായ മൂന്ദ്ര 2024-ലാണ് അയർലൻഡിനായി ടി20 ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2025-ൽ ലിസ്റ്റ് എ അരങ്ങേറ്റവും കുറിച്ചു.

നിലവിൽ മൂന്ദ്രയ്ക്ക് ക്രിക്കറ്റ് അയർലൻഡുമായി സെൻട്രൽ കരാറില്ല, അതിനാൽ തന്നെ മാച്ച് ഫീസ് മാത്രമാണ് ലഭിക്കുന്നത്. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം നൽകിയ വർക്ക് പെർമിറ്റ് കാലാവധി തീരാറായതിനാൽ അയർലൻഡിൽ തുടരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇതായിരിക്കാം ഒരുപക്ഷേ മൂന്ദ്ര പുതിയൊരു ജോലിക്കായി ശ്രമിക്കുന്നതിനു പിന്നിലെ കാരണം.

Content Highlights: Indian-born cricketer Jai Moondra led Ireland to a T20 series sweep against India., Moondra is a former Intel product development engineer currently seeking employment., He holds an Indian passport and is currently navigating visa and career uncertainties in Ireland., Despite his recent cricketing success, he lacks a central contract with Cricket Ireland.