ഇഷാന്‍ സ്വയം വഴിയടയ്ക്കുകയാണോ? രഞ്ജിയിലുമില്ല, ഇന്ത്യന്‍ ടീമിലുമില്ല; വിളിച്ചില്ലെന്ന് ജാര്‍ഖണ്ഡ്‌

ഇഷാന്‍ കിഷന്‍ | AFP
ഇഷാന്‍ കിഷന്‍ | AFP

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ടീമില്‍നിന്ന് പിന്മാറിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെച്ചൊല്ലിയാണ് സാമൂഹിക മാധ്യമങ്ങളിലെ ചൂടുള്ള ക്രിക്കറ്റ് ചര്‍ച്ചകളിലൊന്ന്. ടീമിനൊപ്പം ഒരു വര്‍ഷത്തോളമുള്ള നിരന്തരമായ യാത്രകളും ഇടയ്ക്കിടെ മാത്രം കിട്ടുന്ന അവസരവും കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് കാട്ടിയാണ് വിശ്രമം അനുവദിക്കാന്‍ താരം ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചത്. 

പിന്നാലെ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലും ഇഷാന്‍ ഉള്‍പ്പെട്ടില്ല. ജിതേഷ് ശര്‍മയെയും സഞ്ജു സാംസണെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചത്. ഇതോടെ ഇഷാനെതിരായ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു. മാത്രവുമല്ല, മാനസികപ്രശ്‌നം ചൂണ്ടിക്കാണിച്ച് ടീമില്‍നിന്ന് പോയ ഇഷാന്‍ ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതും വഡോദരയില്‍ പരിശീലനം നടത്തുന്നതുമടക്കമുള്ള വിവരങ്ങള്‍ ബി.സി.സി.ഐ.ക്ക് ലഭിച്ചിരുന്നു. ഇതെല്ലാം ബി.സി.സി.ഐ.യെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. 

എന്നാല്‍ അത്തരത്തിലുള്ള നടപടികളൊന്നും ഇഷാനെതിരേ ഉണ്ടായിട്ടില്ലെന്നും ഇഷാന്‍ സ്വയം വിശ്രമം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചുകൊടുക്കുകയായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. കൂടാതെ തിരിച്ചുവരവിനു മുന്‍പായി ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ (ജെ.എസ്.സി.എ.) സെക്രട്ടറി ദെബാശിഷ് ചക്രവര്‍ത്തി പറയുന്നതനുസരിച്ചാണെങ്കില്‍, ഇഷാന്‍ ഇതുവരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാമെന്ന് അറിയിച്ചിട്ടില്ല. 'ഇഷാന്‍ ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ രഞ്ജി ട്രോഫിക്ക് ഉണ്ടാകുമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം അങ്ങനെ അറിയിച്ചാല്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും'-ദെബാശിഷ് ചക്രവര്‍ത്തി പറഞ്ഞു. 

നിരന്തരമായി ക്രിക്കറ്റ് കളിക്കാതിരുന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലും ഇടം നേടാന്‍ സാധ്യതയില്ല. ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരിക്കും സാധ്യത.


 

Content Highlights: ishan kishans state said he not contacted ranji trophy