ഡിആർഎസിന്റെ ക്രെഡിറ്റ് മുഴുവൻ നീയെടുത്തുവെന്ന് ഇഷാൻ, മറുപടി നൽകി വൈഭവ്

#സ്പോർട്സ് ഡെസ്ക്
ഇഷാന്‍ കിഷനും വൈഭവ് സൂര്യവംശിയും | Photo: PTI
ഇഷാന്‍ കിഷനും വൈഭവ് സൂര്യവംശിയും | Photo: PTI

ഷാൻ കിഷന്റെ ക്യാപ്റ്റൻസിയിൽ ഈസ്റ്റ് സോൺ ഇത്തവണത്തെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി 350-ൽ അധികം റൺസ് നേടിയ ഇഷാൻ തന്നെയായിരുന്നു കളിയിലെ താരവും. ഇഷാന്റെ പ്രകടനത്തോടൊപ്പം തന്നെ യുവതാരം വൈഭവ് സൂര്യവംശിയും ഫൈനലിലെ ചർച്ചാവിഷയമായി. ഇഷാൻ കിഷന് പരിക്കേറ്റ് കളം വിടേണ്ടി വന്നപ്പോൾ വൈസ് ക്യാപ്റ്റനായ വൈഭവാണ് ഈസ്റ്റ് സോണിനെ നയിച്ചിരുന്നത്. ഈ സമയത്ത് വൈഭവ് വിജയകരമായ ഡിആർഎസ് റിവ്യൂ എടുക്കുകയും ചെയ്തു. പിന്നീട് ഇഷാൻ ഗ്രൗണ്ടിൽ തിരിച്ചെത്തിയപ്പോഴും ഡിആർഎസ് തീരുമാനത്തിൽ വൈഭവും പങ്കാളിയായി.

ഫൈനലിനിടെ റിവ്യൂ എടുക്കാൻ ഇഷാനെ പ്രേരിപ്പിക്കുന്ന വൈഭവിന്റെ ഒരു വീഡിയോ വൈറലായതിനെ തുടർന്ന് താരം സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമായി. ഒടുവിൽ ആ തീരുമാനം ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇപ്പോഴിതാ ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ റിവ്യൂകളുടെ ക്രെഡിറ്റ് മുഴുവൻ വൈഭവ് തട്ടിയെടുത്തതിനെ കുറിച്ച് രസകരമായി സംസാരിക്കുകയാണ് ഇഷാൻ കിഷൻ.

'അവൻ എല്ലായിടത്തും റിവ്യൂകളുടെ ക്രെഡിറ്റ് മുഴുവൻ എടുത്തുകഴിഞ്ഞു. ഞാൻ റിവ്യൂ എടുക്കാൻ നിൽക്കുമ്പോൾ അവൻ വളരെ ആത്മവിശ്വാസത്തോടെ വന്ന് പറയും, 'ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം' എന്ന്. പിന്നാലെ അവൻ റിവ്യൂ എടുത്ത താരമായി മാറുകയും ചെയ്തു. വൈസ് ക്യാപ്റ്റനായുള്ള ചുമതല അവൻ മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ട്. അതിലെനിക്ക് വളരേയധകം സന്തോഷമുണ്ട്.'-ഇഷാൻ കിഷൻ പറയുന്നു.

വൈഭവും ഒട്ടും വൈകാതെ അതിനുള്ള മറുപടി നൽകി. ഇഷാൻ പരിക്കേറ്റ് കളം വിട്ട സെമിഫൈനൽ മത്സരത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിർണായകമായ ടാക്റ്റിക്കൽ തീരുമാനങ്ങൾ എടുത്തത് ആരാണെന്ന് 15-കാരൻ ഓർമിപ്പിച്ചു. 'നിങ്ങൾ കളിക്കളത്തിൽ നിന്ന് പുറത്തുപോകുമ്പോൾ പിന്നെ ആരാണ് റിവ്യൂകൾ എടുത്തത്? അതുംകൂടി ഒന്ന് പറയൂ!' എന്ന് വൈഭവ് തിരിച്ചടിച്ചു.

യുവതാരത്തിന്റെ ഈ ആത്മവിശ്വാസത്തെയും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവിനെയും ഇഷാൻ പ്രശംസിച്ചു. അവന് സ്വാഭാവികമായ നേതൃഗുണങ്ങളുണ്ടെന്നും ഇഷാൻ കൂട്ടിച്ചേർത്തു. മത്സരത്തിനിടയിലെ കമന്ററിയെക്കുറിച്ചും ഇഷാൻ സംസാരിച്ചു. കളിക്കളത്തിലെ വൈഭവിന്റെ കൃത്യമായ നിരീക്ഷണ പാടവത്തെ കമന്റേറ്റർമാർ എങ്ങനെയാണ് പ്രശംസിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'നിങ്ങൾക്ക് ഇപ്പോൾ ഒരു റിവ്യൂ എടുക്കണമെങ്കിൽ, നിങ്ങൾ വൈഭവ് സൂര്യവംശിയുടെ അടുത്ത് പോകേണ്ടിവരും,' ഇഷാൻ പറഞ്ഞു.

'അവൻ ടീമിന്റെ ഭാഗമായത് വളരെ നല്ലൊരു കാര്യമാണ്. കാരണം വളരെ മികച്ചൊരു കളിക്കാരൻ എന്നതിലുപരി, ടീമിലെ ജൂനിയർ ആയാലും സീനിയർ ആയാലും എല്ലാവരെയും ഒരുപോലെ പരിപാലിക്കുന്ന നല്ലൊരു വ്യക്തിയാണ് അവൻ... ഓ, നീയാണല്ലോ ഇവിടുത്തെ ജൂനിയർ, സോറി, സോറി! അവന്റെ ആ ഒരു ഗുണമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അവൻ ഇതുപോലെ ഇനിയും ഒട്ടനവധി മത്സരങ്ങൾ കളിക്കുകയും ഇപ്പോൾ ചെയ്യുന്നതുപോലെ മികച്ച പ്രകടനം തുടരുകയും ചെയ്യും.'-ഇഷാൻ വീഡിയോയുടെ അവസാനം പറയുന്നു.

Content Highlights: East Zone won the Duleep Trophy 2026-27 under Ishan Kishan's captaincy., 15-year-old Vaibhav Sooryavanshi served as the vice-captain and made crucial DRS calls., Ishan Kishan playfully teased Vaibhav for taking credit for reviews but praised his leadership potential., Ishan labeled Vaibhav a potential future captain of Indian cricket.