എട്ടുവര്‍ഷത്തിനിടെ ആദ്യം; ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

Photo | twitter.com/IrfanPathan
Photo | twitter.com/IrfanPathan

വഡോദര: എട്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ഭാര്യ സഫ ബെയ്ഗിന്റെ മുഖം പൂര്‍ണായി കാണുന്ന ചിത്രം ആദ്യമായി പുറത്തുവിട്ട് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ട് താരം ഇര്‍ഫാന്‍ പത്താന്‍. ഇരുവരുടെയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു ശനിയാഴ്ച. സഫയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം കൂടെച്ചേര്‍ത്തത്. 

എട്ടുവര്‍ഷത്തിനിടെ ഭാര്യ തന്റെയും മക്കളുടെയും ജീവിതത്തില്‍ കൂട്ടായുണ്ടായതു സംബന്ധിച്ചാണ് ഇര്‍ഫാന്റെ പോസ്റ്റ്. 'ഒരാത്മാവുകൊണ്ട് നിര്‍വഹിച്ച നിരവധി റോളുകള്‍, മാനസിക ഉത്തേജനം പകര്‍ന്നവള്‍, തമാശക്കാരി, പ്രശ്‌നക്കാരി, എന്റെ മക്കളുടെ സ്ഥിരം കൂട്ടുകാരി, സുഹൃത്ത്, അമ്മ. മനോഹരമായ ഈ യാത്രയില്‍, നിന്നെ എന്റെ ഭാര്യയായി ഞാന്‍ വിലമതിക്കുന്നു. എട്ടാം ആശംസകള്‍ പ്രിയേ' - സഫയ്ക്ക് ആശംസ നേര്‍ന്ന്  ഇര്‍ഫാന്‍ ഈ വാക്കുകള്‍ എക്‌സില്‍ കുറിച്ചു. 

പത്താനൊപ്പമുള്ള സഫയുടെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നെങ്കിലും അവയിലൊന്നും മുഖം മുഴുവനായി കാണാനാവുമായിരുന്നില്ല. പാതി മറച്ചതോ മാസ്‌ക് ധരിച്ചതോ മുഖം തിരിച്ചതോ ഇര്‍ഫാനു പിന്നില്‍ നില്‍ക്കുന്നതോ ആയിട്ടുള്ള ചിത്രങ്ങളായിരുന്നു പുറത്തുവിട്ടിരുന്നത്. ഇക്കാര്യത്തില്‍ ഇര്‍ഫാനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. 

സൗദി അറേബ്യയില്‍ ജനിച്ചുവളര്‍ന്ന, മുന്‍ മോഡലായ, സഫ ബെയ്ഗുമായി 2016 ഫെബ്രുവരി നാലിനായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വിവാഹം. 2014-ല്‍ ഇര്‍ഫാനെ കണ്ടുമുട്ടിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹത്തിനു പിന്നാലെ സഫ മോഡലിങ് ഉപേക്ഷിച്ചു. പ്രൊഫഷണല്‍ നെയില്‍ ആര്‍ട്ടിസ്റ്റു കൂടിയായ സഫ, സൗദിയിലെ വ്യവസായിയായ മിര്‍ശ ഫാറൂഖിയുടെ മകളാണ്. സഫയ്ക്കും ഇര്‍ഫാനും ഇമ്രാന്‍ ഖാന്‍, സുലൈമാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
 

Content Highlights: irfan pathan revealed wife safa baigs face