റസ്സലിനെയും അയ്യരെയും കൈവിട്ട് കൊല്‍ക്കത്ത, മാക്‌സ്വെല്ലിനെ നിലനിര്‍ത്താതെ പഞ്ചാബ്; അടിമുടി അഴിച്ചുപണിയാൻ ടീമുകൾ

Photo | twitter.com/TheUpperCut_
Photo | twitter.com/TheUpperCut_

ന്യൂഡല്‍ഹി: ഐപിഎല്‍ 2026 ന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍. സൂപ്പര്‍ താരങ്ങളെയടക്കം കൈവിട്ട് അടിമുടി പുതുക്കിപ്പണിയാനൊരുങ്ങുകയാണ് ടീമുകള്‍. കൊല്‍ക്കത്ത സൂപ്പര്‍ താരം ആന്ദ്ര റസ്സലിനെയും വെങ്കിടേഷ് അയ്യരേയും നിലനിര്‍ത്തിയില്ല. ട്രേഡ് ഡീല്‍ വഴി സഞ്ജുവിനെ കൂടാരത്തിലെത്തിച്ച ചെന്നൈയാകട്ടെ രചിന്‍ രവീന്ദ്ര, മതീഷ പതിരണെ എന്നിവരെ കൈവിട്ടു.

മിനിലേലത്തിന് മുന്നോടിയായാണ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ട്രേഡ് ഡീല്‍ വഴി സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ച രാജസ്ഥാന്‍ റോയല്‍സ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ കൈവിട്ടു. അതേസമയം വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ജൊഫ്ര ആര്‍ച്ചര്‍ എന്നിവരെ ടീം നിലനിര്‍ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍ താരം ഫാഫ് ഡുപ്ലപെസി, ജേക്ക് മക്ഗുര്‍ക് എന്നിവരെ നിലനിര്‍ത്തിയില്ല. കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴുതാരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി. മുഹമ്മദ് ഷമിയെ നേരത്തേ ലഖ്‌നൗവിലേക്ക് ട്രേഡ് ഡീല്‍ വഴി കൈമാറിയിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവരെ നിലനിര്‍ത്തി. അതേസമയം ലഖ്‌നൗ ഡേവിഡ് മില്ലറെ നിലനിര്‍ത്തിയില്ല.

കൊല്‍ക്കത്തയാണ് വന്‍ അഴിച്ചുപണിക്കൊരുങ്ങിയത്. സൂപ്പര്‍ താരങ്ങളായ ആന്ദ്ര റസ്സല്‍, വെങ്കടേഷ് അയ്യര്‍, ക്വിന്റണ്‍ ഡികോക്ക്, മോയിന്‍ അലി, ആന്റിച്് നോര്‍ക്യെ എന്നിവരെ ടീം കൈവിട്ടു. അതേസമയം റിങ്കു സിങ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. സഞ്ജുവിനെ തട്ടകത്തിലെത്തിച്ച ചെന്നൈ 11 താരങ്ങളെയാണ് ഇക്കുറി കൈവിട്ടത്. പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സവെല്ലിനെയും ജോഷ് ഇംഗ്ലിസിനെയും നിലനിര്‍ത്താന്‍ തയ്യാറായില്ല.

Content Highlights: ipl retention list 2026 season