മാര്‍ക്ക് ബൗച്ചറിനെ മാറ്റി; മുംബൈ ഇന്ത്യന്‍സ് കോച്ചായി തിരിച്ചെത്തി മഹേല ജയവര്‍ധനെ

മുംബൈ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായി മഹേല ജയവര്‍ധനയെ മുഖ്യപരിശീലകനായി തിരികെ കൊണ്ടുവന്ന് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറായിരുന്നു ടീമിന്റെ ഹെഡ് കോച്ച്. കഴിഞ്ഞ സീസണില്‍ പത്താംസ്ഥാനത്തും 2023-ലെ സീസണില്‍ നാലാംസ്ഥാനത്തുമായിരുന്നു ടീം.
മഹേല ജയവര്‍ധനെ കോച്ചായി എത്തിയ ആദ്യ സീസണില്‍തന്നെ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചു. 2017 മുതല്‍ 2022വരെ അദ്ദേഹം കോച്ചായി തുടര്‍ന്നു. ഇതിനിടെ ടീം മൂന്നുതവണ ചാമ്പ്യന്മാരായി.
2022 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം, രണ്ടു സീസണുകള്‍ക്കുശേഷമാണ് കോച്ചായി തിരിച്ചെത്തുന്നത്. അടുത്ത ലേലത്തിന് മുന്നോടിയായി ആരെയൊക്കെ ടീമില്‍ നിലനിര്‍ത്തണം എന്നതാവും തിരിച്ചെത്തുന്ന ജയവര്‍ധനെയുടെ മുന്നിലെ ആദ്യ കടമ്പ. വലിയ മാറ്റങ്ങളാണ് ടീമിലുണ്ടാവുകയെന്നാണ് പറയപ്പെടുന്നത്.
Content Highlights: Jayawardene back as Mumbai Indians head coach, replaces Boucher