ഹാര്‍ദിക്കും സഞ്ജുവും ടീമില്‍? ഗില്‍ പുറത്ത്! ടി20 ടീമില്‍ പ്രതീക്ഷിക്കുന്ന താരങ്ങള്‍

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം സ്‌ക്വാഡ് പ്രഖ്യാപനം നടക്കാനിരിക്കുകയാണ്. നിലവില്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ട പലര്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. മായങ്ക് യാദവ് പോലുള്ള പുതുതാരങ്ങളുടെ അരങ്ങേറ്റത്തിനും സാധ്യത കൂടുതലാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഒക്ടോബര്‍ ആറ്, ഒന്‍പത്, പന്ത്രണ്ട് തീയതികളിലായി ഗ്വാളിയോര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടക്കും.
ടി20 ലോകകപ്പ് വിജയത്തിനുശേഷം സിംബാബ്‌വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസംകൂടിയുണ്ട് ഇന്ത്യക്ക്. ക്യാപ്റ്റനായി സുര്യകുമാര്‍ യാദവ് തന്നെ തുടരും. ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഹാര്‍ദിക് അന്താരാഷ്ട്ര മത്സരരംഗത്തില്ല.
ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍, ഖലീല്‍ അഹ്‌മദ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി കളിക്കുന്നതിനാല്‍ ഈ താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചേക്കില്ല. രഞ്ജി ട്രോഫി 2023-24 സീസണിലെ ചാമ്പ്യന്‍മാരായ മുംബൈയുമായി ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ ലഖ്‌നൗവിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സരം. ഒക്ടോബര്‍ ആറിനാണ് ടെസ്റ്റ് തുടങ്ങുക.
ഗെയ്ക്‌വാദും ഇഷാന്‍ കിഷനും ഇല്ലാത്ത സ്ഥിതിക്ക്, ഓപ്പണിങ് റോളില്‍ അഭിഷേക് ശര്‍മയും വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണും വരാനുള്ള സാധ്യതയുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലേക്ക് വന്നാല്‍ അഭിഷേക് ശര്‍മയുടെ ബാറ്റിങ് ഓര്‍ഡര്‍ മാറും. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഗില്ലിന് വിശ്രമമനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പരാഗിനെയും അര്‍ഷ്ദീപിനെയും റാണയെയും ഇറാനി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് മൂവരും ടി20 സ്‌ക്വാഡിലുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്നു. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടേക്കും. രവി ബിഷ്‌ണോയ് ആയിരിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക. ഫിനിഷിങ് റോളില്‍ റിങ്കു സിങ്ങിനെ കളിപ്പിക്കാനും ശിവം ദുബെ, നിതീഷ് റെഡ്ഢി എന്നിവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
പ്രതീക്ഷിക്കപ്പെടുന്ന സ്‌ക്വാഡ്: അഭിഷേക് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഢി
Content Highlights: indias likely squad for t20I series against bangladesh