ബ്ലൈൻഡ് ലോകകപ്പ്: പാകിസ്താനെ തകർത്ത് ഇന്ത്യ, പിന്നാലെ താരങ്ങൾക്ക് കൈകൊടുത്ത് മടക്കം

കൊളംബോ: കാഴ്ചപരിമിതിയുള്ളവരുടെ ടി20 വനിതാ ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെ 135 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ കളിതീര്‍ത്തു. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമിന് ഹസ്തദാനം നല്‍കിയാണ് മടങ്ങിയത്.
മത്സരത്തില്‍ ടോസിന്റെ സമയത്ത് ഇരുടീമുകളുടെ ക്യാപ്റ്റന്മാരും ഹസ്തദാനം നല്‍കിയിരുന്നില്ല. എന്നാല്‍ മത്സരശേഷമുള്ള കാഴ്ച ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പാകിസ്താനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമിന് കൈകൊടുക്കുകയും ചെയ്തു. മറ്റുടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറായിരുന്നില്ല. പാക് ക്യാപ്റ്റന്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
Women Blind Cricket World Cup Colombo:.India women Blind won against Pakistan
Good to see Blind teams Hand shake. pic.twitter.com/jpjfM0XxFW— Sohail Imran (@sohailimrangeo) November 16, 2025
നേരത്തേ പുരുഷന്മാരുടെ ഏഷ്യാകപ്പിലും വനിതാ ലോകകപ്പിലും പാകിസ്താന്‍ താരങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ടോസ് സമയത്തും മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ലെന്നാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരത്തിലാണ് ഹസ്തദാനവിവാദം ചൂടുപിടിച്ചത്. ടൂർണമെന്റിൽ കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. കളിക്കാരുടെ ഹസ്തദാനം സംബന്ധിച്ച് ഐ.സി.സി.യുടെ പ്രത്യേക പ്രോട്ടോക്കോള്‍ ഒന്നുംതന്നെ നിലവിലില്ലെങ്കിലും കളിക്കളത്തിലെ മര്യാദയുടെ പേരില്‍ ടീമുകളെല്ലാം അനുവര്‍ത്തിച്ചുപോരുന്ന ഒരു ശീലമാണിത്. ഇതാണ് ഏഷ്യാ കപ്പില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
Content Highlights: Handshake between India and Pakistan