ടോസ് ഇന്ത്യയ്ക്ക്, സന്തോഷം ബംഗ്ലാദേശിന്; കാരണമായത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിത്തെടുത്ത തീരുമാനം

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ചതിനു പിന്നാലെ ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഹോം ഗ്രൗണ്ട് ടെസ്റ്റില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോസ് വിജയിച്ച ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുന്നത്. 2015-ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കേ, ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ടോസ് നേടിയ ശേഷം ഇന്ത്യ അവസാനമായി ഹോംഗ്രൗണ്ട് ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്തത്. അന്ന് ആ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
അതേസമയം, ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ടോസ് നേടിയാല്‍ ബാറ്റുചെയ്യാനാണ് തീരുമാനിച്ചിരുന്നത്. രോഹിത്ത് ടോസ് വിജയിച്ചെങ്കിലും ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചതോടെ നജ്മുലിന്റെ ആഗ്രഹവും സാധിച്ചു. ആദ്യ ടെസ്റ്റില്‍നിന്ന് രണ്ട് മാറ്റങ്ങളാണ് ബംഗ്ലാദേശ് വരുത്തിയത്. നഹിദ്, തസ്‌കിന്‍ എന്നിവരെ പുറത്തിരുത്തി. പകരം തൈജുല്‍, ഖാലിദ് എന്നിവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ ആദ്യ ടെസ്റ്റിനിറക്കിയ അതേ ടീമിനെത്തന്നെ നിലനിര്‍ത്തി.
സ്പിന്നിന് അനുകൂലമായ കാന്‍പുര്‍ പിച്ചില്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ രംഗത്തിറക്കിയതും ആശ്ചര്യം ജനിപ്പിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരെയാണ് ഇന്ത്യയിറക്കിയത്. കാന്‍പുര്‍ സ്വദേശിയായ കുല്‍ദീപ് യാദവ് സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല.
ആദ്യ ടെസ്റ്റിലും കുല്‍ദീപ് ഉണ്ടായിരുന്നില്ല. നെറ്റ്‌സില്‍ കുല്‍ദീപ് ഏറെനേരം പരിശീലനം നടത്തിയിരുന്നു. പക്ഷേ, പിന്നീട് എന്തുകൊണ്ടാണ് ടീമില്‍, അതും സ്വന്തം കാണികള്‍ക്കു മുന്നില്‍ കുല്‍ദീപിന് അവസരം നല്‍കാതിരുന്നതെന്ന് വ്യക്തമല്ല. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ മൂടിക്കെട്ടിയ അന്തരീക്ഷവും ടീമിന്റെ പദ്ധതി മാറ്റാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.
Content Highlights: india won toss and opted bowl after 9 years in home test