പഴങ്കഥയായത് ഒരുപിടി റെക്കോഡുകൾ, കയ്യിലെത്തുമോ കന്നി ഐസിസി കിരീടം?

ഓസ്ട്രേിലിയയെ പരാജയപ്പെടുത്തിയ  ഇന്ത്യൻ വനിതകളുടെ ആഹ്ളാദം | Photo - AFP
ഓസ്ട്രേിലിയയെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിതകളുടെ ആഹ്ളാദം | Photo - AFP

മുംബൈ: ഒരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യന്‍ വനിതകളുടെ കാത്തിരിപ്പ് അറുതിയാകുമോ എന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവി മുംബൈയില്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരേ സെമിയില്‍ തീപാറും പോരാട്ടം കാണിച്ച് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ റണ്‍മല ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരിയുടെ പോരാട്ടവീര്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഉള്‍ക്കരുത്ത്.

ടോസ് നേടി ഓസീസ് സ്വപ്‌നസമാനമായ റണ്‍സ് കുറിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പോരാളികള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതുകയായിരുന്നു. അതോടെ പലരും അവിശ്വസനീയമെന്ന് കരുതിയ കുറഞ്ഞത് രണ്ട് കാര്യങ്ങളെങ്കിലും സംഭവിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയെ മറികടന്ന് ഫൈനലില്‍. രണ്ട്, ഓസ്‌ട്രേലിയയുടെ 16 ലോകകപ്പ് മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിച്ചു.

വനിതാ ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സാണിത്. ഈ ലോകകപ്പില്‍ത്തന്നെ വിശാഖപട്ടണത്ത് ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോഡാണ് പഴങ്കഥയാക്കിയത്. വനിതാ ലോകകപ്പില്‍ ഇന്ത്യ ഇതിനുമുന്‍പ് 200 റണ്‍സിലധികം വിജയലക്ഷ്യം പിന്തുടര്‍ന്നിട്ടില്ല. വനിതാ ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുമാണിത്. നേരത്തേ, ഓസ്‌ട്രേലിയക്കെതിരേ തന്നെ ഇന്ത്യ 369 റണ്‍സ് നേടിയിരുന്നു.

ഇന്ത്യന്‍ വനിതകളുടെ മൂന്നാം ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലും ഫൈനലിലെത്തിയ ടീമിന് ഒരു കിരീടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നവംബർ രണ്ടിന് ഞായറാഴ്ച നവി മുംബൈയിലെ ഇതേ വേദിയിൽ ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെ എതിരാളി. 

Content Highlights: India's Historic Chase: Women's Cricket Team Advances to World Cup Final