വിൻഡീസ് 248 റൺസിന് പുറത്ത്, കുൽദീപിന് അഞ്ച് വിക്കറ്റ്

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | PTI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | PTI

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് 248 റൺസിന് പുറത്ത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നാംദിനം ആദ്യ സെഷനില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെയാണ് വിൻഡീസ് തകർന്നടിഞ്ഞത്. വിൻഡീസ് 270 റൺസിന് പിന്നിലാണ്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചുവിക്കറ്റെടുത്തു.

നാലുവിക്കറ്റ് നഷ്ടത്തില്‍140 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സ്‌കോര്‍ 156 ല്‍ നില്‍ക്കേ ഷായ് ഹോപ്പ് പുറത്തായി. 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വിക്കറ്റ് കീപ്പര്‍ തെവിനും (21) കൂടാരം കയറിയതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി. ജസ്റ്റിന്‍ ഗ്രീവ്‌സ് (18) ജോമല്‍ വറിക്കാന്‍ (1) എന്നിവര്‍ കൂടി മടങ്ങിയതോടെ വെസ്റ്റിന്‍ഡീസ് 175-8 എന്ന നിലയിലേക്ക് വീണു.

എന്നാൽ ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ ഇരുന്നൂറ് കടത്തി. പിയറി 23 റൺസെടുത്ത് പുറത്തായി. ജയ്ഡന്‍ സീല്‍സ് 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ് 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു.

രണ്ടാം ദിനം വിൻഡീസ് ടോപ് ഓർഡർ ഇന്ത്യൻ ബൗളർമാരെ ചെറുത്തുനിന്നിരുന്നു. ഓപ്പണർ ജോൺ കാംബെൽ (10) ഷോർട്ട്‌ലെഗ്ഗിൽ സായ് സുദർശന്റെ തകർപ്പൻ ക്യാച്ചിൽ തുടക്കത്തിലേ മടങ്ങിയെങ്കിലും ടജ്‌നരെയ്ൻ ചന്ദർപോളും (34), അലിക് അത്തനെസയും (41) ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. പിന്നീട് ഹോപ്പും ഇംലച്ചും മുന്നോട്ടുനയിച്ചെങ്കിലും മൂന്നാം ദിനം ഇന്ത്യ പിടിമുറുക്കുകയായിരുന്നു.

Content Highlights: india vs west indies delhi test