ഒരുദിവസവും ഒന്‍പത് വിക്കറ്റും കൈയില്‍, ഇന്ത്യയ്ക്ക് പരമ്പര 58 റണ്‍സ് അകലെ

നാലാംദിനം സ്റ്റമ്പടുത്തതിനു പിന്നാലെ പവലിയനിലേക്ക് മടങ്ങുന്ന കെ.എൽ. രാഹുലും സായ് സുദർശനും | ഫോട്ടോ - എഎഫ്പി
നാലാംദിനം സ്റ്റമ്പടുത്തതിനു പിന്നാലെ പവലിയനിലേക്ക് മടങ്ങുന്ന കെ.എൽ. രാഹുലും സായ് സുദർശനും | ഫോട്ടോ - എഎഫ്പി

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒരു ദിവസവും ഒന്‍പത് വിക്കറ്റും കൈയിലിരിക്കേ ജയിക്കാന്‍ വേണ്ടത് 58 റണ്‍സ്. 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നാലാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ 18 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. 25 റണ്‍സുമായി കെ.എല്‍. രാഹുലും 30 റണ്‍സോടെ സായ് സുദര്‍ശനുമാണ് ക്രീസില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (8) രണ്ടാം ഓവറില്‍ പുറത്തായി.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 390 റണ്‍സില്‍ അവസാനിച്ചു. പത്താംവിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്‌സും (50*) ജയ്ദന്‍ സീല്‍സും (32) ചേര്‍ന്ന് നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 22 ഓവര്‍ ക്രീസില്‍ പിടിച്ചുനിന്ന് 79 റണ്‍സ് നേടി. 119-ാം ഓവറില്‍ ബുംറയെത്തി സീല്‍സിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തേ ജോൺ കാംബെൽ, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ചുറികളാണ് വിൻഡീസിനെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിലാണ് വിൻഡീസ് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ദിനത്തിന് സമാനമായി ഇരുവരും പിടികൊടുക്കാതെ ബാറ്റിങ് തുടരുകയായിരുന്നു. പിന്നാലെ കാംബെൽ സെഞ്ചുറി തികച്ചു. പരമ്പരയിലെ ഏറ്റവും മികച്ച ചെറുത്തുനിൽപ്പ് നടത്തിയ ഇരുവരും സ്കോർ 200-കടത്തുകയും ചെയ്തു. എന്നാൽ 212 ൽ നിൽക്കേ കാംബെലിനെ എൽബിഡബ്ല്യുവിൽ കുരുക്കി ജഡേജ വിൻഡീസിന് തിരിച്ചടി നൽകി. 199 പന്തിൽ 115 റൺസെടുത്താണ് താരം മടങ്ങിയത്. ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ജോൺ കാംബെലും ഷായ് ഹോപ്പും ചേർന്ന് മൂന്നാം വിക്കറ്റിൽ 177 റൺസാണ് കൂട്ടിച്ചേർത്തത്.

കാംബെല്‍ പുറത്തായെങ്കിലും റോസ്റ്റണ്‍ ചേസിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 270 കടത്തി. മാത്രമല്ല, വിന്‍ഡീസിന് ലീഡ് സമ്മാനിച്ച് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുകയും ചെയ്തു. സെഞ്ചുറി തികച്ച ഹോപ്പ് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും താരത്തെ പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് നിരനിരയായി വിന്‍ഡീസ് ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് കണ്ടത്. 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസിന് പുറമേ ടെവിന്‍ ഇംലാച്ച് (12), ഖാരി പിയറി (0), ജൊമല്‍ വറിക്കാന്‍ (3), അൻഡേഴ്സൺ ഫിലിപ് (2) എന്നിവരും മടങ്ങി. അതോടെ ടീം 311-9 എന്ന നിലയിലേക്ക് വീണു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ പത്താം വിക്കറ്റിലും വിന്‍ഡീസ് പൊരുതി. 

മൂന്നാം ദിനം ടജ്‌നരെയ്ൻ ചന്ദർപോളും (10), അലിക് അത്തനെസയും (ഏഴ്) പെട്ടെന്ന് പുറത്തായതോടെ വിൻഡീസ് രണ്ടാമിന്നിങ്‌സിൽ രണ്ടിന് 35 എന്ന നിലയിൽ മറ്റൊരു തകർച്ച മുന്നിൽ കണ്ടതാണ്. എന്നാൽ, കാംബെലും ഹോപ്പും ഉറച്ചുനിന്നു. വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ്ങിൽ മൂന്നുതവണ എൽബി അപ്പീലിനെ അതിജീവിച്ച കാംബെൽ പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇന്ത്യൻ സ്പിന്നർമാരെ ഇരുവരും മനോഹരമായി നേരിട്ടു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിൻഡീസ് സ്കോർ 150-കടത്തി. ഇന്ത്യൻ സ്പിന്നർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മൂന്നാംദിനം കൂട്ടുകെട്ട് തകർക്കാൻ കഴിഞ്ഞിരുന്നില്ല.

Content Highlights: india west indies test