ശ്രേയസിനു വേണം ആദ്യ ജയം; ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

ഹരാരെ: തുടർതോൽവികളുടെ പടുകുഴിയിൽനിന്ന് മോചനം ആഗ്രഹിച്ചാണ് ടീം ഇന്ത്യ സിംബാബ്വേയിലെത്തിയിരിക്കുന്നത്. ആദ്യ അങ്കത്തിനിറങ്ങുമ്പോൾ ജയത്തിൽക്കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുമില്ല. സൂര്യകുമാർ യാദവിൽനിന്ന് ട്വന്റി-20 ടീം ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ശ്രേയസ് അയ്യർക്കും പരമ്പര നിർണായകമാണ്. സിംബാബ്വേക്കെതിരായ ടി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം വ്യാഴാഴ്ച വൈകീട്ട് 4.30 മുതൽ ഹരാരെയിൽ നടക്കും.
ഭാഗ്യഗ്രൗണ്ടിൽ അഭിഷേകും സൂര്യവംശിയും
പതിനഞ്ചുവയസ്സുകാരൻ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്നാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഇരുവരുടെയും ഭാഗ്യഗ്രൗണ്ടാണ് ഹാരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയം. ഇവിടെയാണ് അഭിഷേക് ടി-20യിൽ അരങ്ങേറ്റം കുറിച്ചതും ആദ്യ സെഞ്ചുറി നേടിയതും. കഴിഞ്ഞ ഫെബ്രുവരിയിൽനടന്ന അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിൽ സൂര്യവംശി സെഞ്ചുറിനേടിയതും ഇതേ ഗ്രൗണ്ടിലാണ്. ഇരുവർക്കും പരമ്പര നിർണായകമാണ്. ഏറെക്കാലമായി അഭിഷേക് ഫോമിലല്ല. സൂര്യവംശി അരങ്ങേറിയെങ്കിലും മികച്ച ഇന്നിങ്സ് പിറന്നിട്ടില്ല.
ആദ്യജയത്തിന് ശ്രേയസ്
സ്ഥിരം ക്യാപ്റ്റനായി ഏഴു മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ശ്രേയസ് അയ്യർക്ക് ഒറ്റജയംപോലും നേടാനായില്ല. ആറു കളിയിൽ തോറ്റപ്പോൾ ഒരു കളിയിൽ ഫലമുണ്ടായില്ല. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരേ പരമ്പരയും നഷ്ടമായി. സിംബാബ്വേക്കെതിരേ പരമ്പര നേടിയില്ലെങ്കിൽ ക്യാപ്റ്റൻസ്ഥാനവും നഷ്ടമാകാനാണ് സാധ്യത. യുവതാരങ്ങൾക്ക് പ്രധാന്യമുള്ള ടീമിനെയാണ് അയ്യർക്ക് നൽകിയിരിക്കുന്നത്. ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഗൗതം ഗംഭീറും പരിശീലകസംഘവും സിംബാബ്വേയിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം സിംബാബ്വേക്കുണ്ട്. ടി-20 ക്രിക്കറ്റിൽ അട്ടിമറിക്ക് കരുത്തുള്ളവരാണ് അവർ. സിക്കന്ദർ റാസ നയിക്കുന്ന ടീമിൽ ബ്രിയാൻ ബെന്നറ്റ്, ബെൻ കറൻ, ബ്രാഡ് ഇവാൻസ്, ഡിയോൺ മേയേഴ്സ്, ബ്ലെസിങ് മുസറബാനി, റിച്ചാർഡ് എൻഗരാവ എന്നീ മികച്ച താരങ്ങളുണ്ട്.
Content Highlights: Shreyas Iyer seeks his first victory as India's permanent T20 captain., Abhishek Sharma and Vaibhav Suryavanshi to open for India at Harare Sports Club., VVS Laxman appointed as the coach for the Zimbabwe tour., Zimbabwe, led by Sikandar Raza, aims for an upset against the young Indian side., Match starts at 4:30 PM IST in Harare.