ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; സ്റ്റേഡിയത്തിൽ കർശന നിയന്ത്രണങ്ങൾ, ഇവയൊന്നും കൊണ്ടുപോകരുത്

Photo: PTI
Photo: PTI

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിന്റെ സുരക്ഷ മുൻനിർത്തി ഒട്ടേറെ വസ്തുക്കൾക്ക് സ്റ്റേഡിയത്തിനകത്ത് വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിരോധിത വസ്തുക്കളുടെ വിശദമായ പട്ടിക അധികൃതർ പുറത്തുവിട്ടു.

പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ എന്നിവ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വിസിൽ, ഗ്ലാസ് ബോട്ടിലുകൾ, കുട, ഹെൽമറ്റ് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. ക്യാമറകൾ, വീഡിയോ റെക്കോഡറുകൾ, ലാപ്‌ടോപ്പുകൾ അല്ലെങ്കിൽ ടാബ്ലെറ്റുകൾ എന്നിവയും നിരോധിച്ചിട്ടുള്ള വസ്തുക്കളുടെ പട്ടികയിലുണ്ട്. ആയുധങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ, പടക്കങ്ങൾ, മാരക രാസവസ്തുക്കൾ എന്നിവയുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

ലേസർ പോയിന്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കും പൂർണമായി വിലക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപദാർഥങ്ങൾ, ടിന്നുകൾ, മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ എന്നിവയും സ്റ്റേഡിയത്തിനകത്തേക്ക് കടത്താൻ പാടില്ല. കൂടാതെ, വളർത്തുമൃഗങ്ങൾ, സംഗീതോപകരണങ്ങൾ, വുവുസേല തുടങ്ങിയവയ്ക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് കാണികളോട് കെസിഎ അഭ്യർഥിച്ചു.

Content Highlights: Strict security measures implemented for the India-West Indies ODI match., Prohibited items include power banks, coins, helmets, cameras, and umbrellas., Outside food, beverages, alcohol, and pets are completely banned inside the stadium., Spectators are urged to fully cooperate with the Kerala Cricket Association (KCA) safety guidelines.