ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര ആരാധകർക്ക് ഫ്രീയായി കാണാം; സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യം

#സ്പോർട്സ് ഡെസ്ക്
Photo: x.com/BCCI
Photo: x.com/BCCI

ഗാലെ: ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര കാണികൾക്ക് സൗജന്യമായി കാണാൻ അവസരം. ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലേക്ക് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. റെഡ്-ബോൾ ക്രിക്കറ്റിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കുന്നതിനും ഗാലറികളിൽ ആവേശം നിറയ്ക്കുന്നതിനുമായാണ് ഈ നീക്കം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15-ന് ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഓഗസ്റ്റ് 19 വരെ നീണ്ടുനിൽക്കുന്ന ഈ മത്സരത്തിന് ശേഷം, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിലാണ്.

ആരാധകർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗേറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഗാലെയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന് ഗേറ്റ് നമ്പർ നാല് വഴിയും, കൊളംബോയിലെ രണ്ടാം ടെസ്റ്റിന് ഗേറ്റ് നമ്പർ 3, 4, 5, 7 എന്നിവ വഴിയും കാണികൾക്ക് പ്രവേശിക്കാവുന്നതാണ്. യുവ ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാനും കുടുംബസമേതം മത്സരം ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹ മത്സരം കൊളംബോയിലെ നോൺഡെസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിച്ചു. വലതു കൈവിരലിനേറ്റ ചെറിയ പരിക്കു കാരണം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇല്ലാതെയാണ് ഇന്ത്യ സന്നാഹ മത്സരത്തിനിറങ്ങിയത്. ഗില്ലിന് പകരം കെ.എൽ രാഹുൽ ടീമിനെ നയിച്ചു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക ഇലവൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് എടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുഥർ എന്നിവർ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights: Free stadium entry for all India vs Sri Lanka 2026 Test matches., First Test starts August 15, 2026, in Galle., Second Test scheduled from August 23-27, 2026, in Colombo., Specific gate numbers provided for spectator access., KL Rahul leads India in warm-up match in Shubman Gill's absence.