ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റ്; വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പാകിസ്ഥാന്റെ ആലിയ റിയാസിന്റെവിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ദീപ്തി ശർമ്മ | Photo by Darren Staples / AFP
ഐസിസി വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പാകിസ്ഥാന്റെ ആലിയ റിയാസിന്റെവിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ദീപ്തി ശർമ്മ | Photo by Darren Staples / AFP

എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാകിസ്താനെ 64 റൺസിന് തകർത്ത് ഇന്ത്യക്ക് ആധികാരിക വിജയം. ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17 ഓവറിൽ 106 റൺസിന് എല്ലാവരും പുറത്തായി. കളിയിൽ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ ചരിത്ര നേട്ടവും സ്വന്തമാക്കി. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റ് തികയ്ക്കുന്ന ആദ്യ സ്പിന്നറായി ദീപ്തി മാറി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന ശക്തമായ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർ സ്മൃതി മന്ഥാനയുടെ മികച്ച അർധസെഞ്ചുറിയും (68) റിച്ചാ ഘോഷിന്റെ തകർപ്പൻ ഇന്നിങ്സുമാണ് (34) ഇന്ത്യക്ക് തുണയായത്. 44 പന്തിൽ ഒമ്പത് ഫോറിന്റേയും രണ്ട് സിക്‌സറുകളുടേയും അകമ്പടിയോടെയാണ് സ്മൃതി 68 റൺസ് അടിച്ചുകൂട്ടിയത്.

ഒരു ഘട്ടത്തിൽ 3.2 ഓവറിൽ 18 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ തകർന്നിരുന്നു. 18 റൺസിനിടെ ഷെഫാലി വർമയും ജെമീമ റോഡ്രിഗസും പുറത്തായി. ഷെഫാലി ആറ് റൺസും ജെമീമ ഒരു റണ്ണുമാണ് സ്‌കോർ ബോർഡിലെത്തിച്ചത്. എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മന്ഥാനയും ചേർന്ന് പടുത്തുയർത്തിയ 91 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. ഹർമൻപ്രീത് 35 പന്തിൽ 36 റൺസെടുത്തപ്പോൾ, അവസാന ഓവറുകളിൽ 17 പന്തിൽനിന്ന് 34 റൺസ് അടിച്ചുകൂട്ടിയ റിച്ചാ ഘോഷാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.

ദീപ്തി ശർമ ഒമ്പത് പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. പാകിസ്താനായി സാദിയ ഇഖ്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തസ്മിയ റുബാബും റമീൻ ഷമീമും ഓരോ വിക്കറ്റ് വീതം നേടി. 

ടോസിടുന്ന സമയത്തുള്ള പതിവ് ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും തയ്യാറായില്ല.

Content Highlights: India lost two early wickets against Pakistan in the Women's T20 World Cup., Shafali Verma and Jemimah Rodrigues dismissed early., Captains Harmanpreet Kaur and Fatima Sana avoided the traditional handshake during the toss., India chose to bat first after winning the toss.