ബ്ലോക്ക്ബസ്റ്റർ ഫൈനൽ ! ആര്യവീറോടെ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിന്റെ ആവേശത്തിൽ പാകിസ്താൻ

#സ്പോർട്സ് ഡെസ്ക്
ആര്യവീർ സെവാ​ഗ് | X.com
ആര്യവീർ സെവാ​ഗ് | X.com

മസ്‌ക്കറ്റ്: ഒരിക്കൽക്കൂടി ഒരു ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് കിരീടപ്പോരാട്ടം. അണ്ടർ-19 ഏഷ്യാകപ്പിലാണ് അയൽക്കാർ കപ്പിനായി പോരടിക്കുന്നത്. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റിൽ മുഖാമുഖം വരുമ്പോൾ അതിന് വീറും വാശിയും കൂടും. ശനിയാഴ്ച രാവിലെ 10.30-നാണ് മത്സരം.

എട്ടുതവണ ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ തോൽക്കുകയായിരുന്നു. 2025-ൽ പാകിസ്താനോടാണ് തോറ്റത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു. അതിന് പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.

ആര്യവീറോടെ ഇന്ത്യ

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറാണ് ആര്യവീർ സെവാഗ്. ഇതിഹാസതാരം വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ പിതാവിന്റെ അതേ പാതയിൽത്തന്നെയാണെന്ന്‌ കഴിഞ്ഞ മത്സരങ്ങളിൽ തെളിയിച്ചതാണ്. കൗമാരതാരത്തിൽനിന്ന് മികച്ചൊരു ഇന്നിങ്‌സ് ഫൈനലിൽ പ്രതീക്ഷിക്കുന്നുണ്ട്.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദോനി, വി.കെ. വിനീത്, രാഹുൽ ദ്രാവിഡിന്റെ മകൻ അൻവെയ് ദ്രാവിഡ് എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ.

ബൗളിങ്ങിലാണ് ഇന്ത്യക്ക് പ്രതിസന്ധിയുള്ളത്. പേസർ ഇഷാൻ സൂദും മനൽ ചൗഹാനുമാണ് ഇന്ത്യക്കായി നന്നായി പന്തെറിയുന്നത്. അർജുൻ രാജ്പുത്തിലും പ്രതീക്ഷവെക്കാം. എന്നാൽ, മികച്ച ബാറ്റിങ്നിരയുള്ള പാകിസ്താനെതിരേ ബൗളർമാർ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടിവരും.

ആവർത്തിക്കാൻ പാക്

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് പാകിസ്താൻ. ജയം തുടരാമെന്നും കിരീടം നിലനിർത്താമെന്നും അവർ കണക്കുകൂട്ടുന്നു. ഉസ്മാൻ ഖാൻ, ഇന്ത്യക്കെതിരേ സെഞ്ചുറിനേടിയ ഹംസ സഹൂർ എന്നിവരിലാണ് അവരുടെ ബാറ്റിങ് പ്രതീക്ഷ.

ബൗളിങ്ങിൽ പേസർ റിസ്‌വാനുള്ള, മുഹമ്മദ് സയാം, അലി റാസ എന്നിവർ ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കാനാകും.

Content Highlights: India and Pakistan face off in the U19 Asia Cup 2026 final