2027 ലോകകപ്പിലെ ഇന്ത്യ - പാക് മത്സരം; ആകെയുള്ളത് 34,000 സീറ്റുകൾ, അപേക്ഷകർ 84 ലക്ഷം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ന്യൂഡൽഹി: 2027 ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 2027 ഒക്ടോബർ 10-ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ 'ദി വാണ്ടറേഴ്സ്' സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം. വെറും 34,000 കാണികളെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള സ്‌റ്റേഡിയമാണിത്. എന്നാൽ ഈ മത്സരത്തിന്റെ ടിക്കറ്റിനായി ലഭിച്ചിരിക്കുന്നത് 84 ലക്ഷം അപേക്ഷകളാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടിക്കറ്റ് ബാലറ്റിലൂടെയാണ് ഈ ഭീമമായ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിന്റെ ആകെ ശേഷിയേക്കാൾ എത്രയോ ഇരട്ടിയാണ് ടിക്കറ്റ് അപേക്ഷകർ. നവംബർ 21-ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിനായി ഏകദേശം 79 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ആവശ്യകതയിൽ രണ്ടാം സ്ഥാനത്തുള്ളത് ഫൈനൽ പോരാട്ടമാണ്.

ലോകകപ്പ് ടിക്കറ്റ് ബാലറ്റിന് ആഗോളതലത്തിൽ തന്നെ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 193 രാജ്യങ്ങളിൽ നിന്നായി 28 ലക്ഷത്തോളം പേർ വഴി 12 കോടിയിലധികം ടിക്കറ്റ് അപേക്ഷകളാണ് ഐസിസിക്ക് ആകെ ലഭിച്ചിട്ടുള്ളത്. 24 വർഷങ്ങൾക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 14 ടീമുകൾ 12 വേദികളിലായി 57 മത്സരങ്ങളിൽ മാറ്റുരയ്ക്കും.

ദക്ഷിണാഫ്രിക്കയിലെ എട്ട് വേദികളിലായി നടക്കുന്ന 41 മത്സരങ്ങൾക്കായി മാത്രം 10.5 കോടിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; ഇതിൽ ആതിഥേയ രാജ്യത്തിന്റെ മത്സരങ്ങൾക്കായി മാത്രം 2.6 കോടി ആവശ്യക്കാരുണ്ട്. ടിക്കറ്റ് ബാലറ്റ് 2026 നവംബർ 21 വരെ തുറന്നിരിക്കും. ഐസിസിയുടെ ഔദ്യോഗിക ടിക്കറ്റിങ് വെബ്സൈറ്റ് വഴി ആരാധകർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Content Highlights: India vs Pakistan match scheduled for October 10, 2027, at The Wanderers Stadium, Johannesburg., Stadium capacity is 34,000, but a staggering 8.4 million ticket applications were received., Ticket demand for the India-Pakistan clash surpasses even the World Cup final, which received 7.9 million requests., ICC received over 120 million total ticket requests from 193 countries., Ticket ballot remains open until November 21, 2026, on the official ICC ticketing website.